Connect with us

Uae

സുൽത്താൻ അൽ നിയാദി ബഹിരാകാശത്തെത്തും; കൂടെ സഊദി അറേബ്യക്കാരും

യു എ ഇയിൽ നിന്ന് ബഹിരാകാശത്തെ  ഫ്ലോട്ടിംഗ് സയൻസ് ലബോറട്ടറിയിലേക്ക് പോകുന്ന രണ്ടാമത്തെ ആളായി നിയാദി മാറും.

Published

|

Last Updated

ദുബൈ | യു എ ഇയുടെ ഡോ.സുൽത്താൻ അൽ നിയാദി ബഹിരാകാശത്തേക്ക്. നിയാദിക്കൊപ്പം രണ്ട് സഊദി അറേബ്യൻ സ്വദേശികൾ കൂടി ബഹിരാകാശത്തെത്താൻ സാധ്യത തെളിഞ്ഞു. അൽ ഐനിൽ നിന്നുള്ള മുൻ ഐ ടി പ്രൊഫഷണലാണ് 41കാരനായ നിയാദി. നാസയിൽ ഫാൽക്കൺ 9 സ്‌പേസ് എക്‌സ് റോക്കറ്റിൽ അടുത്ത വസന്തകാലത്താണ് നിയാദി ബഹിരാകാശത്തേക്ക് കുതിപ്പ് നടത്തുക. അറബ് ലോകത്തെ ആദ്യ “ദീർഘകാല” ബഹിരാകാശ ദൗത്യമാണിത്. നാസ/ സ്‌പേസ് എക്‌സ് ക്രൂ-6ൻ്റെ ഭാഗമായാണ് നിയാദിയുടെ ദൗത്യം. യു എ ഇയിൽ നിന്ന് ബഹിരാകാശത്തെ  ഫ്ലോട്ടിംഗ് സയൻസ് ലബോറട്ടറിയിലേക്ക് പോകുന്ന രണ്ടാമത്തെ ആളായി നിയാദി മാറും.

ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത രണ്ട് സഊദികൾ 2023 രണ്ടാം പാദത്തിൽ സ്റ്റേഷനിൽ ചേരും. രണ്ടാഴ്ചത്തെ താമസത്തിനായാണ് പുറപ്പെടുന്നത്. യു എസ് ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ആക്‌സിയം സ്‌പേസ് ഈ യാത്രകൾ സുരക്ഷിതമാക്കാൻ ഇരു രാജ്യങ്ങളെയും സഹായിക്കും. സഊദി ബഹിരാകാശയാത്രികർ ആദ്യമായി സംഘമായി ബഹിരാകാശത്ത് എത്തും. സഊദിയിൽ നിന്നുള്ള ആദ്യ അറബ് വനിതാ ബഹിരാകാശ സഞ്ചാരി ഉൾപ്പെടെയാണിത്. രണ്ട് വ്യത്യസ്ത അറബ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികർ ഒരുമിച്ച് ബഹിരാകാശത്ത് എന്നത് ചരിത്ര പ്രധാനമായിരിക്കും. ബഹിരാകാശ പര്യവേക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ വലിയൊരു ഭാഗത്തേക്ക് സഊദിയുടെ ദൗത്യം വ്യാപിപ്പിക്കുമെന്ന് ആക്‌സിയം സ്‌പേസ് പ്രസിഡന്റ് മൈക്കൽ സഫ്രെഡിനി പറഞ്ഞു.”ബഹിരാകാശം എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണ്. സഊദി ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിൽ ആക്‌സിയം സ്‌പേസ് സന്തോഷിക്കുന്നു”- അദ്ദേഹം പറഞ്ഞു.

സഊദി അറേബ്യയുടെ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ 1985ൽ അമേരിക്കൻ സ്‌പേസ് ഷട്ടിലിൽ കയറി ആദ്യ അറബ് ബഹിരാകാശ യാത്രികനായിരുന്നു. അത് ഹ്രസ്വ കാലയളവിലായിരുന്നു. എന്നാൽ ആ ദൗത്യത്തിന് ശേഷം രാജ്യം ദീർഘകാല ബഹിരാകാശ പദ്ധതി ഏറ്റെടുത്തില്ല. അറബ്, ഇസ്ലാമിക ലോകത്തിന് അതൊരു നാഴികക്കല്ലായിരുന്നു. സുൽത്താൻ രാജകുമാരൻ വിശുദ്ധ  ഖുർആൻ പാരായണം ചെയ്യുന്നതും  ബഹിരാകാശ വാഹനത്തിൽ പ്രാർഥിക്കുന്നതുമായ ഫോട്ടോകൾ അന്ന് പ്രചരിച്ചിരുന്നു. പിന്നീട് 2019ൽ യു എ ഇയുടെ ഹിസ്സ അൽ മൻസൂരി ബഹിരാകാശത്തെത്തി. ഒരാഴ്ചയോളം സ്റ്റേഷനിൽ താമസിച്ച് 16 ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി.

ബഹിരാകാശ പരിശീലനം നേടിയ യു എ ഇ സംഘത്തിൽ നാല് പേരായിട്ടുണ്ട്. മുഹമ്മദ് അൽ മുല്ലയും നൂറ അൽ മത്രൂഷിയും ആണ് മറ്റ് രണ്ട് പേർ. ഒരു  ബഹിരാകാശ യാത്രിക പരിശീലനം  ആരംഭിക്കുമെന്ന് 2022 സെപ്‌റ്റംബർ 22ന് ദേശീയ ദിനത്തിൽ സഊദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സഊദി സംഘത്തിൽ ഒരു വനിത ഉൾപ്പെടുമെന്ന് ഉറപ്പായി.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്