Kerala
ജിസ്‌മോളുടെയും മക്കളുടെയും ആത്മഹത്യ; ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിന്റെയും ജാമ്യാപേക്ഷ തള്ളി
ജീവനൊടുക്കിയ ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മി, ഭര്‍തൃപിതാവ് ജോസഫ് എന്നിവരുടെ ജാമ്യ ഹരജിയാണ് തള്ളിയത്.
കോട്ടയം | അയര്‍ക്കുന്നത്ത് പെണ്‍മക്കളുമായി യുവ അഭിഭാഷക ആത്മഹത്യ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മരിച്ച ജിസ്‌മോളുടെ ഭര്‍ത്താവ് ജിമ്മിയുടെയും ഭര്‍തൃപിതാവ് ജോസഫിന്റെയും ജാമ്യമാണ് തള്ളിയത്. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. നേരത്തെ ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ കിട്ടിയതോടെയാണ് ജിസ്‌മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മിയെയും പിതാവ് ജോസഫിനെയും ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹിക പീഡനവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയായിരുന്നു അറസ്റ്റ്.
ഹൈക്കോടതി അഭിഭാഷകയായ ജിസ്‌മോളെ ശാരീരികവും മാനസികവുമായി ഭര്‍തൃ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നെന്നായിരുന്നു കുടുംബം പോലീസിന് നല്‍കിയ പരാതി. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ ജിസ്‌മോള്‍ നിരന്തരം അപമാനിക്കപ്പെട്ടു. ആത്മഹത്യക്ക് തൊട്ടുമുമ്പ്, ഏപ്രില്‍ 14ന് രാത്രിയുണ്ടായ തര്‍ക്കങ്ങള്‍ കാരണമുണ്ടായ മാനസിക സമ്മര്‍ദമാണ് ജിസ്‌മോളുടെ ആത്മഹത്യക്ക് പ്രേരണയായതെന്ന് പോലീസ് കണ്ടെത്തി. ജിസ്‌മോളുടെയും ജിമ്മിയുടെയും ജോസഫിന്റെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി പുറത്തുവന്നതോടെ തെളിവുകള്‍ ശക്തമായി. മാനസിക പീഡനം വെളിവാക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പോലീസിന് കിട്ടിയെന്നാണ് വിവരം.



