International
ഗസ്സയിലെ യൂറോപ്യന്‍ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം; 65 പേര്‍ക്ക് ദാരുണാന്ത്യം
കൂട്ടക്കൊല വെടിനിര്‍ത്തല്‍ ചര്‍ച്ച തുടരുന്നതിനിടെ; ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് പ്രചാരണം

ഗസ്സ | ഖാന്‍ യൂനുസിലെ യൂറോപ്യന്‍ ആശുപത്രിക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുറഞ്ഞത് 65 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഖത്വറില്‍ വെടിനിര്‍ത്തല്‍ തുടരുന്നത് സംബന്ധിച്ച പരോക്ഷ ചര്‍ച്ച നടക്കുന്നതിനിടെയാണ് വീണ്ടും കൂട്ടക്കൊല നടന്നത്. ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാര്‍ ഉള്‍പ്പെടെയുള്ളവരെ വധിക്കാനാണ് ആശുപത്രി ആക്രമിച്ചതെന്നാണ് അധിനിവേശ സൈന്യത്തിന്റെ ന്യായീകരണം. ഇക്കാര്യം ഇസ്‌റാഈലി മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യ സന്ദര്‍ശന വേളയില്‍ പ്രസംഗിക്കുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടായത്. യൂറോപ്യന്‍ ആശുപത്രി ആക്രമിച്ചത് അമേരിക്കയുടെ അറിവോടെയല്ലെന്നാണ് ഇസ്‌റാഈല്‍ മാധ്യമമായ വൈ നെറ്റ്്‌വര്‍ക്‌സിന്റെ റിപോര്‍ട്ട്.
ഖാന്‍ യൂനുസിലെ യൂറോപ്യന്‍ ഗസ്സ ആശുപത്രിക്ക് അടിയിലുള്ള ഹമാസിന്റെ ‘കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കോമ്പൗണ്ട്’ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യവും ഷിന്‍ ബെറ്റും സംയുക്ത പ്രസ്താവനയില്‍ അവകാശപ്പെടുന്നത്. മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാറിനെ വധിക്കാനുള്ള ശ്രമമായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് ഇസ്‌റാഈലി ആര്‍മി റേഡിയോയുടെ റിപോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് മുമ്പ് ഇസ്‌റാഈല്‍ തടവുകാരാരും സ്ഥലത്തില്ലെന്ന് ഉറപ്പാക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്ന് മറ്റൊരു ഇസ്‌റാഈലി മാധ്യമമായ വല്ലയും റിപോര്‍ട്ട് ചെയ്തു.