Connect with us

Kerala

കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവം; എം എല്‍ എക്കെതിരെ ജി സുധാകരന്‍

ഇടതുപക്ഷക്കാരില്‍ നിന്ന് അഹങ്കാരം ജനം പ്രതീക്ഷിക്കുന്നില്ല. എം എല്‍ എയുടേത് പ്രമാണിമാരുടെ സംസ്‌കാരമാണ്, നമ്മുടേതല്ല.

Published

|

Last Updated

ആലപ്പുഴ | കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തില്‍ എം എല്‍ എക്കെതിരെ മുന്‍ മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷക്കാരില്‍ നിന്ന് അഹങ്കാരം ജനം പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

എം എല്‍ എ പദവിയില്‍ വല്ലാതെ അഭിരമിക്കുന്ന വ്യക്തിയാണ് കെ യു ജനീഷ് കുമാര്‍ എന്ന് സുധാകരന്‍ വിമര്‍ശിച്ചു. എം എല്‍ എയുടേത് പ്രമാണിമാരുടെ സംസ്‌കാരമാണെന്നും നമ്മുടേതല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ എന്‍ ജി ഒ യൂണിയന്‍ പൂര്‍വകാല നേതൃ സംഗമത്തിലായിരുന്നു ജി സുധാകരന്റെ വിമര്‍ശം.

പത്തനംതിട്ട കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെയാണ് കെ യു ജനീഷ് കുമാര്‍ എം എല്‍ എ ബലമായി മോചിപ്പിച്ചത്. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തയാളെയാണ് മോചിപ്പിച്ചത്.

കൈതകൃഷി പാട്ടത്തിനെടുത്തവര്‍ സോളാര്‍ വേലിയില്‍ അമിതമായി വൈദ്യുതി കടത്തിവിട്ടതാണ് ആനയ്ക്ക് ഷോക്കേല്‍ക്കാന്‍ കാരണമായതെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ആണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എം എല്‍ എ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. എം എല്‍ എ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കയര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

 

Latest