International
ഗള്‍ഫ് രാജ്യങ്ങളിലെ അവസരങ്ങള്‍ ലോകം ഉറ്റുനോക്കുന്നു: ട്രംപ്
സിറിയയിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. റിയാദില്‍ നടന്ന യു എസ്-ഗള്‍ഫ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

റിയാദ് | ഗള്‍ഫ് രാജ്യങ്ങളിലെ അവസരങ്ങള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നുണ്ടെന്നും സിറിയയിലെ പുതിയ സര്‍ക്കാരുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാന്നെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ന് റിയാദില്‍ നടന്ന യു എസ്-ഗള്‍ഫ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇസ്‌ലാമിക നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ എല്ലാ ഉപരോധങ്ങളും പിന്‍വലിക്കുമെന്ന യുഎസ് പ്രഖ്യാപനത്തിന് ശേഷം, സിറിയയ്ക്കെതിരായ ഉപരോധങ്ങള്‍ നീക്കുന്നത് രാജ്യത്തിന് ഒരു പുതിയ തുടക്കം നല്‍കുമെന്നും ട്രംപ് പറഞ്ഞു. റിയാദില്‍ നടന്ന യു എസ്-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ ജി സി സി രാജ്യങ്ങളിലെ നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അറബ് മേഖലയില്‍ സുസ്ഥിരവും സമാധാനപരവും സമ്പന്നവുമായ ഒരു മിഡില്‍ ഈസ്റ്റ് സൃഷ്ടിക്കുന്നതില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്‍പന്തിയിലാണെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യത്തെയും സൗഹൃദത്തെയും പുരോഗതിയെയും പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞു,
ജി സി സി നേതാക്കളുടെയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെയും പങ്കാളിത്തത്തിന് സഊദി അറേബ്യ എല്ലാ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത് ഗള്‍ഫ്-അമേരിക്കന്‍ ബന്ധങ്ങളുടെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതായും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉച്ചകോടിയിലെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
2017 ല്‍ ട്രംപുമായി നടന്ന ഗള്‍ഫ്-യു എസ് ഉച്ചകോടിയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുക, അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, ഭീകരതയെ ചെറുക്കുക, അതിന്റെ വളര്‍ച്ചയെ ഇല്ലാതാക്കുക, ജി സി സി രാജ്യങ്ങളുടെ സൈനിക, സുരക്ഷ, പ്രതിരോധ ശേഷികള്‍ വര്‍ധിപ്പിക്കുക, പ്രാദേശികവും ആഗോളവുമായ വെല്ലുവിളികളെ നേരിടുക എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതായും കിരീടാവകാശി സൂചിപ്പിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലൂടെ രാജ്യം ആഗ്രഹിക്കുന്ന ഭാവിയില്‍ സ്ഥിരതയുള്ളതും സമാധാനപരവുമായ അന്തരീക്ഷം ആവശ്യമാണെന്നും അറബ് മേഖല നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തിയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. അമേരിക്ക-ജി സി സി രാജ്യങ്ങളുമായി സഹകരിച്ച് മേഖലയിലെ സംഘര്‍ഷം തടയാനും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി മേഖലയിലെ ജനങ്ങള്‍ക്ക് സമാധാനവും സുരക്ഷയും കൈവരിക്കുന്ന രീതിയില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്താനും ആഗ്രഹിക്കുന്നുവെന്ന് കിരീടവകാശി പറഞ്ഞു. യെമനുമായുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും സമഗ്രമായ നയതന്ത്ര പരിഹാരത്തിലെത്തുന്നതിനും രാജ്യം ശ്രമങ്ങള്‍ തുടരും. ജിദ്ദ ഫോറം വഴി സുഡാനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സുഡാനില്‍ പൂര്‍ണമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനുമുള്ള ശ്രമങ്ങളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉച്ചകോടിയില്‍ എടുത്തുപറഞ്ഞ ബഹ്റൈന്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-സബാഹ് എന്നിവര്‍ മേഖലയില്‍ പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതില്‍ യു എസ് നല്ല പങ്ക് വഹിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ജി സി സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍-ബുദൈവിയും ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍-സെയ്ദും ഉച്ചകോടിയില്‍ പ്രസംഗിച്ചു.
ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി, അബൂദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍-നഹ്യാന്‍, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹ്മദ് അല്‍-ജാബര്‍ അല്‍-സബാഹ്, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍-ഖലീഫ, ഒമാനി ബന്ധങ്ങളുടെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും ഉപപ്രധാനമന്ത്രി അസദ് ബിന്‍ താരിഖ് അല്‍ സെയ്ദ് ഉച്ചകോടിയില്‍ പങ്കെടുത്തു.