Kerala
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: സ്‌കൂളിന് വീഴ്ച പറ്റി; മന്ത്രി വി ശിവന്‍കുട്ടി
അന്വേഷണ റിപ്പോര്‍ട്ടിനുശേഷം നടപടിയെടുക്കുമെന്നും മന്ത്രി

തിരുവനന്തപുരം| കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അന്വേഷണ റിപ്പോര്‍ട്ടിനുശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടി ഷെഡിന് മുകളില്‍ കയറിയത് കുറ്റമായി കാണാന്‍ കഴിയില്ല. അതെല്ലാം കുട്ടികള്‍ ചെയ്യുന്നതാണ്. കെഎസ്ഇബി ഇടപെട്ടില്ലെങ്കില്‍ ഇടപെടുന്നത് വരെ ബന്ധപ്പെടണമായിരുന്നു. സര്‍ക്കുലറില്‍ വൈദ്യുതി കമ്പി അപകടകരമായ സ്ഥിതിയില്‍ ആണെങ്കില്‍ കെഎസ്ഇബിയെ അറിയിക്കാന്‍ നിര്‍ദേശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അധ്യാപകര്‍ക്കെതിരായ നടപടിയില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വിശദ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ വൈദ്യുതി വകുപ്പും വിദ്യാഭ്യാസ വകുപ്പും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു കാരണവശാലും ഫിറ്റ്നസ് നല്‍കാന്‍ പാടില്ലായിരുന്നുവെന്നും വിലയിരുത്തല്‍ നടത്തിയതിന്റെ വിശദ വിവരങ്ങള്‍ ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് വിദ്യാഭ്യാസ വകുപ്പ് വീട് വെച്ചു നല്‍കും. കുട്ടി അവിടേക്ക് കയറരുതെന്ന രീതിയില്‍ മന്ത്രി ചിഞ്ചുറാണിയുടെ പ്രതികരണത്തോട് യോജിപ്പില്ല. മകനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുട്ടികള്‍ പ്രായത്തിന് അനുസരിച്ച് കളിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.