Kerala
വിദ്യാർഥി സംഘർഷം: കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക് അടച്ചു
ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍

കോഴിക്കോട് | ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്‌യു) തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെ തുടർന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാംപസ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്യാമ്പസ് തുറക്കില്ല. ക്ലാസുകളും ഉണ്ടാകില്ല. ഹോസ്റ്റലുകളു അടച്ചിടും. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ജീവന്‍ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡിഎസ്‌യു തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. റിട്ടേണിങ് ഓഫീസര്‍ ഒപ്പിടാത്ത ഇരുപത്തഞ്ചോളം ബാലറ്റ് പേപ്പറുകള്‍ പരിഗണിക്കരുതെന്ന് യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കുണ്ട്.
പോലീസ് ലാത്തിവീശിയതോടെ ഇരുവിഭാഗം പ്രവര്‍ത്തകരും ചിതറിയോടി. സംഘര്‍ഷത്തില്‍ സെമിനാര്‍ കോംപ്ലക്സിന്റെ ചില്ലുകള്‍ തകര്‍ന്നു. രാത്രി ഏറെ വൈകിയും സംഘര്‍ഷാവസ്ഥ തുടർന്നിരുന്നു.