Kerala
വ്യാജ വെളിച്ചെണ്ണ; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന
വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്.

പത്തനംതിട്ട| വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവായ ഓപ്പറേഷന്‍ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നില്‍ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയത്. മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കി. വിവിധ കാരണങ്ങളാല്‍ ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു.
വെളിച്ചെണ്ണയുടെ ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ പരാതി ടോള്‍ ഫ്രീ നമ്പറായ 1800 425 1125 ല്‍ വിവരം അറിയിക്കണം. വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ നിര്‍മ്മാതാക്കളും കച്ചവടക്കാരും ശ്രദ്ധിക്കണം. പരിശോധനകള്‍ തുടരുമെന്നും നിയമവിരുദ്ധമായ വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതാണ്.
---- facebook comment plugin here -----