Uae
പവര്‍ ബേങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം; എമിറേറ്റ്സ് വിമാനങ്ങളില്‍ ഇന്ന് മുതല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍
ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണം.

ദുബൈ | ഇന്ന് മുതല്‍ എല്ലാ വിമാനങ്ങളിലും പവര്‍ ബേങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നിയന്ത്രണം. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒരു യാത്രക്കാരന് 100 വാട്ടിന് താഴെയുള്ള ഒരു പവര്‍ ബേങ്ക് മാത്രമേ കൈവശംവെക്കാന്‍ അനുവാദമുള്ളൂ. പ്രത്യേക വ്യവസ്ഥകളില്‍ യാത്രക്കാര്‍ക്ക് പവര്‍ ബേങ്ക് കൈവശം വെക്കാമെങ്കിലും വിമാനയാത്രക്കിടെ അത് ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തിന്റെ പവര്‍ സപ്ലൈ ഉപയോഗിച്ച് പവര്‍ ബേങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതും അനുവദനീയമല്ല. ഉപകരണങ്ങള്‍ ശേഷി റേറ്റിംഗുകള്‍ ഉപയോഗിച്ച് വ്യക്തമായി ലേബല്‍ ചെയ്തിരിക്കണം. പവര്‍ ബേങ്കുകള്‍ സീറ്റ് പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം. ഓവര്‍ഹെഡ് ബിന്നുകളില്‍ വെക്കാന്‍ പാടില്ല.
ചെക്ക് ചെയ്ത ബാഗേജില്‍ പവര്‍ ബേങ്കുകള്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. എല്ലാ വിമാനങ്ങളിലും സീറ്റിനുള്ളില്‍ ചാര്‍ജര്‍ ലഭ്യമാണെന്ന് എമിറേറ്റ്സ് ചൂണ്ടിക്കാട്ടി. എങ്കിലും, യാത്രക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുമ്പ് അവരുടെ ഉപകരണങ്ങള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതാണ് ഉചിതമെന്നും എമിറേറ്റ്സ് ഓര്‍മിപ്പിച്ചു. വ്യോമയാന വ്യവസായത്തിലുടനീളം ലിഥിയം ബാറ്ററികള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നടത്തിയ വിശദമായ സുരക്ഷാ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ സെല്ലുകള്‍ ഉപയോഗിക്കുന്ന പവര്‍ ബേങ്കുകള്‍ കേടായാലോ, നിലവാരം കുറഞ്ഞാലോ, അല്ലെങ്കില്‍ അമിതമായി ചാര്‍ജ് ചെയ്താലോ തീപ്പിടിത്തത്തിന് കാരണമാകും. ബാറ്ററി തകരാറോ തീപ്പിടിത്തമോ ഉണ്ടാകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണ് വിമാനത്തിനുള്ളില്‍ അവയുടെ ഉപയോഗം നിരോധിക്കാനുള്ള തീരുമാനം.