National
സോനം വാങ്ചുകിനെ കാണാന്‍ സി പി എം എം പി ജയിലിലെത്തി; അനുമതി നിഷേധിച്ച് അധികൃതര്‍
രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലം എം പി അമ്ര റാമിനാണ് ജോധ്പുര്‍ ജയില്‍ അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്.

ജോധ്പുര്‍ | ലേയില്‍ നടന്ന പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതിനു പിന്നാലെ ജയിലില്‍ അടയ്ക്കപ്പെട്ട ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ കാണാനെത്തിയ സി പി എം എം പിക്ക് അനുമതി നിഷേധിച്ച് അധികൃതര്‍. അമ്ര റാം എം പിക്കാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ എം പിയെ അരമണിക്കൂറോളം കാത്തിരുത്തിയ ശേഷം അനുമതി നല്‍കാതെ തിരിച്ചയക്കുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം കൊടുത്തയാളാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ പരിഷ്‌കരണ വാദിയുമായ വാങ്ചുക്.
അനുമതി നിഷേധത്തിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഇത് സോനത്തിന്റെ വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുക മാത്രമല്ല, മുഴുവന്‍ രാജ്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളെ നേരിട്ട് ആക്രമിക്കുകയും ചെയ്യുന്നതായി അമ്ര റാം പ്രതികരിച്ചു. അധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്നാണ് നിരാഹാര സമരത്തിലൂടെ സോനം ആവശ്യപ്പെട്ടത്. ലഡാക്കി ജനത മുന്നോട്ടുവച്ച പരിസ്ഥിതി-സാംസ്‌കാരിക സംരക്ഷണം, പ്രാദേശിക സ്വയംഭരണം എന്നിവയെ പിന്തുണക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്നലെ വൈകിട്ടാണ് രാജസ്ഥാനിലെ സിക്കാര്‍ മണ്ഡലം എം പിയായ അമ്ര റാം ജയിലിലേക്ക് എത്തിയത്. വാങ്ചുക്കിനെ കാണാന്‍ അനുമതി തേടി ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയെങ്കിലും നിയമങ്ങള്‍ ഉദ്ധരിച്ച് സാധ്യമല്ലെന്ന് പറയുകയായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കാന്‍ സൂപ്രണ്ട് തയ്യാറായില്ല. സി പി എം രാജസ്ഥാന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ പരീഖ്, ധൗദ് മുന്‍ എം എല്‍ എ പേമ റാം, കിസാന്‍ സഭയുടെ മുതിര്‍ന്ന നേതാവ് ഭഗീരഥ് നെതാദ്, സി പി എം ജോധ്പുര്‍ ജില്ലാ സെക്രട്ടറി കിഷന്‍ മേഘ്വല്‍ എന്നിവരോടൊപ്പമാണ് എം പി എത്തിയത്.