Ongoing News
വനിതാ പ്രീമിയര്‍ ലീഗ്; പ്രഥമ ചെയര്‍മാനായി മലയാളിയായ ജയേഷ് ജോര്‍ജ്
കേരള ക്രിക്കറ്റ് ലീഗ് (കെ സി എല്‍) ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തവരില്‍ പ്രമുഖനാണ്.

മുംബൈ | മലയാളിയായ ജയേഷ് ജോര്‍ജ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യു പി എല്‍) പ്രഥമ ചെയര്‍മാന്‍. കേരള ക്രിക്കറ്റ് അസ്സോസിയേഷന്‍ (കെ സി എ) പ്രസിഡന്റാണ് ജയേഷ്. ഇന്നലെ മുംബൈയില്‍ ചേര്‍ന്ന ബി സി സി ഐ വാര്‍ഷിക പൊതുയോഗമാണ് ജയേഷ് ജോര്‍ജിനെ തിരഞ്ഞെടുത്തത്. ഏകകണ്ഠമായിരുന്നു തിരഞ്ഞെടുപ്പ്.
എറണാകുളം ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് ജയേഷ് ജോര്‍ജ് ക്രിക്കറ്റ് ഭരണരംഗത്ത് സജീവമാകുന്നത്. പിന്നീട് കെ സി എ ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, സെക്രട്ടറി പദവികള്‍ വഹിച്ച് കേരള ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി. 2019ല്‍ ജയ് ഷാ ബി സി സി ഐ സെക്രട്ടറിയായിരുന്നപ്പോള്‍ ദേശീയതലത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022 മുതല്‍ കെ സി എ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയാണ്.
കേരള ക്രിക്കറ്റ് ലീഗ് (കെ സി എല്‍) ആരംഭിക്കുന്നതിന് മുന്‍കൈ എടുത്തവരില്‍ പ്രമുഖനാണ് അദ്ദേഹം. ലീഗിന്റെ വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നിലും ജയേഷിന്റെ സംഘാടക മികവ് നിര്‍ണായകമായിരുന്നു. ഇതും കായികരംഗത്തെ ദീര്‍ഘകാലത്തെ അനുഭവസമ്പത്തും ഡബ്ല്യു പി എല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗുണകരമാകും.
‘സ്ഥാനലബ്ധിയില്‍ അതിയായ സന്തോഷമുണ്ടെന്നും തന്നില്‍ വിശ്വാസമര്‍പ്പിച്ച ബി സി സി ഐക്കും പിന്തുണ നല്‍കിയ കേരള ക്രിക്കറ്റ് അസ്സോസിയേഷനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമന്‍സ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ മികച്ചതാക്കാനും വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും പ്രയത്നിക്കുമെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.