Kerala
തെരുവ് നായ്ക്കളെ വന്ധ്യകരിക്കും, പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി
പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. ഇതില്‍ വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും.

തിരുവല്ല | കേരളത്തില്‍ തെരുവ് നായ്ക്കളെ വന്ധ്യകരിക്കുന്നതിന് പോര്‍ട്ടബിള്‍ എ ബി സി കേന്ദ്രങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇവ പ്രവര്‍ത്തിപ്പിക്കാനുള്ള ഒഴിഞ്ഞ സ്ഥലം തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കും. വെറ്ററിനറി സര്‍ജനും വാക്സിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മൃഗസംരക്ഷണ വകുപ്പ് ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ച പൈലറ്റ് പ്രോജക്ട് ഇ സമൃദ്ധ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കും. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കന്നുകാലികളുടെ പൂര്‍ണ വിവരം ലഭ്യമാകുന്ന പദ്ധതി ഏഴര കോടി രൂപ ചെലവിലാണ് ആരംഭിച്ചത്. പശുക്കളുടെ ചെവിയില്‍ ഘടിപ്പിച്ച ചിപ്പ് അധിഷ്ടിത ടാഗ് വഴി ഉടമ, നല്‍കിയ വാക്‌സിനേഷന്റെ വിവരം തുടങ്ങിയവ ലഭ്യമാകും.
ക്ഷീരകര്‍ഷകര്‍ക്ക് വീട്ടുമുറ്റത്ത് മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ആംബുലന്‍സുകള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനിത റിപോര്‍ട്ട് അവതരിപ്പിച്ചു.
തിരുവല്ല ബ്ലോക്ക് ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കുന്നു.