Connect with us

Kerala

എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി; പോരാട്ടവീര്യവുമായി ജനലക്ഷങ്ങൾ കണ്ണൂരിൽ

ഒന്നര ലക്ഷം പേർ അണിനിരന്ന കൂറ്റൻ വിദ്യാർഥി റാലിയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്.

Published

|

Last Updated

കണ്ണൂർ | ധാർമിക വിപ്ലവ വിദ്യാർഥി പ്രസ്ഥാനത്തെ നെഞ്ചേറ്റുന്ന ജനലക്ഷങ്ങൾ കണ്ണൂരിൽ തൂവെള്ളക്കടൽ തീർക്കുന്നു. എസ് എസ് എഫിന്റെ ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമാകാനാണ് നാടിന്റെ നാനാ ഭാഗത്ത് നിന്നും അവർ കണ്ണൂരിന്റെ മണ്ണിലെത്തിയത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ഒന്നര ലക്ഷത്തോളം പ്രവർത്തകരാണ് സംഗമിക്കുന്നത്. കേരളത്തിലെ സുന്നി നേതൃത്വമാകെ സമ്മേളനത്തിന്റെ ഭാഗമാകാനെത്തിയിട്ടുണ്ട്. അമ്പത് വർഷത്തെ പോരാട്ടവീര്യവുമായി കണ്ണൂരിൽ ഇന്ന് എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം സമാപിക്കുമ്പോൾ അത് ചരിത്രമായി മാറും. സംഘടനയുടെ കരുത്ത് തെളിയിക്കുന്നതും പുതിയ കർമപഥത്തിലേക്കുള്ള ഊർജവുമാകും.

“നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിൽ ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനം കൂടിയാണ് കഴിഞ്ഞ ഒരാഴ്ചക്കാലമായി കണ്ണൂരിൽ നടന്നുവന്നത്. സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് വേദികളിലായി നടന്ന അമ്പത് സെഷനുകൾ പുതുമയാർന്നതും പ്രൗഢവുമായിരുന്നു.

ഒന്നര ലക്ഷം പേർ അണിനിരന്ന കൂറ്റൻ വിദ്യാർഥി റാലിയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. വൈകിട്ട് നാലിന് കണ്ണൂർ പ്രഭാത് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി പൊതുസമ്മേളനം നടക്കുന്ന ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ഐൻ ടീം വളണ്ടിയർമാർ റാലിക്ക് പ്രൗഢിയേകി.

സംസ്ഥാനത്തെ 630 ഡിവിഷനുകളിൽ നിന്നായി 51 വീതം വളണ്ടിയർമാരാണ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തോടെ കർമരംഗത്തിറങ്ങുന്നത്. ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.

സയ്യിദ് അലി ബാഫഖി, സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, അബൂ ഹനീഫൽ ഫൈസി തെന്നല, പേരോട് അബ്ദുർറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, മുഹമ്മദ് ഫാറൂഖ് നഈമി, ഫിർദൗസ് സുറൈജി സഖാഫി, സി ആർ കെ മുഹമ്മദ്, നിസാർ സഖാഫി, സക്കരിയ്യ ശാമിൽ ഇർഫാനി തുടങ്ങിയവർ പ്രസംഗിക്കും.

സമ്മേളനത്തിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി നടന്ന പ്രതിനിധി സമ്മേളനത്തിൽ പതിനാല് ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്നലെ നടന്ന സെഷനുകളിൽ “വിദ്യാർഥി, വിപ്ലവം വിചാരം’ എന്ന വിഷയത്തിൽ സി എൻ ജഅ്ഫർ, “അൽ ഇമാറ നേതൃത്വത്തിന്റെ രസതന്ത്രം’ എന്ന വിഷയത്തിൽ സി ആർ കെ മുഹമ്മദ്, സി കെ നജ്മുദ്ദീൻ, “ഉൺമയിലലിഞ്ഞ്’ എന്ന സെഷനിൽ കെ വൈ നിസാമുദ്ദീൻ ഫാളിലി കാമിൽ സഖാഫി, “അക്ഷരങ്ങളാകുക വിപ്ലവമാകുക’ എന്ന വിഷയത്തിൽ ടി എ അലി അക്ബർ, “ഓൺലൈൻ കോഴ്‌സുകളുടെ ലോകം’ എന്ന വിഷയത്തിൽ കെ നാസർ എന്നിവർ സംസാരിച്ചു.

ഇന്ന് രാവിലെ “സംഘാടനത്തിലെ കല’യെ കുറിച്ച് അബ്ദുല്ല വടകര, അബ്ദുൽ മജീദ് അരിയല്ലൂർ, “ഭൂപടങ്ങളിൽ ഒതുങ്ങാത്ത ദേശങ്ങൾ’ എന്ന വിഷയത്തിൽ സുഹൈറുദ്ദീൻ നൂറാനി, “ആകാശം അതിരല്ല’ എന്ന വിഷയത്തിൽ ഫിർദൗസ് സുറൈജി സഖാഫി സംസാരിക്കും.

---- facebook comment plugin here -----

Latest