Ongoing News
സ്പിന്‍ ആക്രമണത്തിന് മൂര്‍ച്ച കൂടും; ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ അശ്വിനും
പരുക്കിന്റെ പിടിയിലായ അക്‌സര്‍ പട്ടേലിന് പകരമാണ് 37കാരനായ അശ്വിന്‍ ടീമില്‍ ഇടം നേടിയത്.

ന്യൂഡല്‍ഹി | സ്പിന്‍ മാന്ത്രികന്‍ രവിചന്ദ്രന്‍ അശ്വിന്‍ 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍. പരുക്കിന്റെ പിടിയിലായ അക്‌സര്‍ പട്ടേലിന് പകരമാണ് 37കാരനായ അശ്വിന്‍ ടീമില്‍ ഇടം നേടിയത്. ഇടത് തുടയുടെ മസിലിനേറ്റ പരുക്കില്‍ നിന്ന് അക്‌സര്‍ ഇതുവരെ മുക്തനായിട്ടില്ല. ബംഗ്ലാദേശിനെതിരെ സെപ്തംബര്‍ 15ന് നടന്ന മത്സരത്തിലാണ് അക്‌സറിന് പരുക്കേറ്റത്.
അശ്വിന്‍ ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് തിരിച്ചിട്ടുണ്ട്. ലോകകപ്പിനു മുന്നോടിയായി സെപ്തം: 30നു നടക്കുന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
ആസ്‌ത്രേലിയക്കെതിരെ ഇക്കഴിഞ്ഞ മൂന്ന് മത്സര പരമ്പരയിലെ രണ്ടാം അങ്കത്തില്‍ അശ്വിന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. ബാറ്റിങിന് അനുകൂലമായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഓസീസിന്റെ ഡേവിഡ് വാര്‍ണറും മാര്‍നസ് ലബുഷാനെയും അശ്വിന്റെ കാരംബോളുകളില്‍ വീണിരുന്നു.
അശ്വിനെ കൂടി ഉള്‍പ്പെടുത്തിയതോടെ സ്പിന്‍ ആക്രമണത്തിനാണ് ഇന്ത്യ മുന്‍തൂക്കം കൊടുക്കുന്നതെന്ന് വ്യക്തമായി. രവിന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ടീമില്‍ ഇടം നേടിയിട്ടുള്ള മറ്റ് രണ്ട് പ്രധാന സ്പിന്നര്‍മാര്‍.