Connect with us

From the print

ചുമമരുന്ന് വില്‍പ്പനക്ക് പ്രത്യേക മാര്‍ഗരേഖ: മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു

ഉന്നതതല യോഗം വിളിച്ച് ആരോഗ്യ മന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐ എ പി സംസ്ഥാന പ്രസിഡന്റ്്എന്നിവരടങ്ങുന്ന സമിതിയായിരിക്കും ഇതുസംബന്ധിച്ച് വിശദ പഠനം നടത്തുക.

സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമമരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ചുമമരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രി ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്കരണവും ശക്തമാക്കും.

കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്നവും കേരളത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യോഗത്തില്‍ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടൊപ്പം ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കുന്നതിനും ശക്തമായ ബോധവത്കരണം നടത്താനും ഇതുമായി ബന്ധപ്പെട്ട് കേസുകളുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാനും നിര്‍ദേശം നല്‍കി.

ഒപ്പം ഐ എ പിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും. അതേസമയം, സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പരിശോധനകള്‍ നടന്നുവരികയാണ്. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ് ആര്‍ 13 ബാച്ചില്‍ കേരളത്തിന് പുറത്ത് പ്രശ്നം കണ്ടെത്തിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്.

തമിഴ്നാട്, ഒഡിഷ, മധ്യപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലാണ് ആ ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തത്. രാജസ്ഥാനില്‍ മറ്റൊരു കമ്പനിയുടെ കഫ് സിറപ്പിലും പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബാച്ചുകളുടെ മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. അതേസമയം, കേരളത്തില്‍ എട്ട് വിതരണക്കാര്‍ വഴിയുള്ള കോള്‍ഡ്രിഫ് മരുന്നിന്റെ വിതരണവും വില്‍പ്പനയും നിര്‍ത്തിവെച്ചിട്ടുണ്ട്.

യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷനല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐ എ പി പ്രസിഡന്റ്്പങ്കെടുത്തു.

 

---- facebook comment plugin here -----

Latest