International
ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൊവിഡ് പ്രതിരോധ ബൂസ്റ്റര്‍ ഡോസ് വേണ്ട: സൗമ്യ സ്വാമിനാഥന്‍

ജനീവ | ആരോഗ്യമുള്ള കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധത്തിനുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. ആരോഗ്യ പ്രശ്നങ്ങളില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ട സാഹചര്യമില്ല. ആരോഗ്യമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എന്നാല്‍, അപകട സാധ്യത കൂടുതലുള്ള വിഭാഗത്തിന് വാക്സിന്‍ നല്‍കുകയെന്നത് വളരെ പ്രധാനമാണ്. മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമാണ്.
ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ കൂടുതലായി ആവശ്യം വരികയെന്ന കാര്യത്തില്‍ വിശദ പഠനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. അമേരിക്കയിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നുണ്ട്. ഇതിന്റെപശ്ചാത്തലത്തില്‍ കൂടിയാണ് സൗമ്യ സ്വാമിനാഥന്‍ പ്രതികരണം രേഖപ്പെടുത്തിയത്.