Connect with us

National

കോൺഗ്രസ് അധ്യക്ഷയായി സോണിയ തുടരും; രാജിക്കൊരുങ്ങി രാഹുലും പ്രിയങ്കയും; തടഞ്ഞ് പാർട്ടി നേതാക്കൾ

യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജേവാല

Published

|

Last Updated

ന്യൂഡൽഹി | അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ദയനീയ തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം അവസാനിച്ചു. കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരുവാൻ യോഗത്തിൽ തീരുമാനമായി. രാഹുലിനും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും സ്ഥാനങ്ങൾ രാജിവയ്ക്കാൻ തയ്യാറാണെന്ന് സിഡബ്ല്യുസി യോഗത്തിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു. എന്നാൽ യോഗത്തിലുണ്ടായിരുന്ന മറ്റു നേതാക്കൾ ഇത് തടഞ്ഞു.

യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളും സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചതായി കോൺഗ്രസ് ദേശീയ വക്താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുൾപ്പെടെയുള്ള എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വെല്ലുവിളികൾ നേരിടാൻ പാർട്ടി പൂർണ സജ്ജമാണെന്നും സുർജേവാല വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എല്ലാവർക്കും വിശ്വാസമുണ്ടെന്ന് മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അവർ പാർട്ടിയെ നയിക്കും. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രമാണ് യോഗത്തിൽ ചർച്ച ചെയ്തത്. അതേസമയം, തെരഞ്ഞെടുപ്പിൽ എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് ആലോചിക്കേണ്ടതുണ്ടെന്ന് ഗുലാം നബി ആസാദ്, ദിഗ് വിജയ് സിംഗ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സിഡബ്ല്യുസി യോഗത്തിൽ നിർദ്ദേശിച്ചു.

കോൺഗ്രസ് പാർട്ടിയുടെ ചുമതല രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് യോഗത്തിന് മുമ്പ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് ബിജെപി ഹിന്ദു-മുസ്ലിം വർഗീയ രാഷ്ട്രീയം ഉപയോഗിക്കുകയും തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ തള്ളുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.