Connect with us

Kerala

മുയല്‍ കൃഷിയില്‍ നേട്ടവുമായി പതിനാറുകാരന്‍

കൊവിഡ് കാലത്ത് വിരസത മാറ്റാന്‍ ബേസില്‍ കണ്ടുപിടിച്ച മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊവിഡ് മഹാമാരിയെത്തിയിട്ട് ഒന്നര വര്‍ഷമാകുമ്പോള്‍ ബേസിലിന്റെ കൂട് നിറയെ ഇപ്പോള്‍ മുയലുകളാണ്.

Published

|

Last Updated

പുല്‍പ്പള്ളി | മുയല്‍ കൃഷിയില്‍ വിജയ ഗാഥയുമായി പതിനാറുകാരന്‍. പുല്‍പ്പള്ളി വേലിയമ്പം മേക്കാട്ടില്‍ ബേസില്‍ സജിയാണ് മുയല്‍ കൃഷി നടത്തി നേട്ടം കൊയ്യുന്നത്. കൊവിഡ് കാലത്തെ വിരസതയകറ്റാന്‍ വെറുതെ തുടങ്ങിയ ബേസിലിന്റെ മുയല്‍ഫാം ശ്രദ്ധേയമാകുകയാണ്. വിദേശയിനങ്ങള്‍ മുതല്‍ നാടന്‍ മുയലുകളടക്കം പന്ത്രണ്ടോളം വ്യത്യസ്തയിനത്തില്‍പ്പെട്ടവ ബേസിലിന്റെ ഫാമിലുണ്ട്.

കൊവിഡ് കാലത്ത് വിരസത മാറ്റാന്‍ ബേസില്‍ കണ്ടുപിടിച്ച മാര്‍ഗമാണ് മുയല്‍ വളര്‍ത്തല്‍. കൊവിഡ് മഹാമാരിയെത്തിയിട്ട് ഒന്നര വര്‍ഷമാകുമ്പോള്‍ ബേസിലിന്റെ കൂട് നിറയെ ഇപ്പോള്‍ മുയലുകളാണ്. ഹൈബ്രിഡ് മുയലുകളായ വൈറ്റ് ജെയ്ന്റ്, ഗ്രേ ജെയ്ന്റ്, ബ്ലാക്ക് ജെയ്ന്റ്, സോവിയറ്റ് ചിഞ്ചില അടക്കമുള്ള മുയലിനങ്ങള്‍ മുതല്‍ നാടന്‍ ഇനത്തില്‍പ്പെട്ടവ വരെ ഇന്ന് വേലിയമ്പത്തെ ബേസിലിന്റെ വീടിനോട് ചേര്‍ന്ന ഫാമിലുണ്ട്. സഹോദരി അലോണയാണ് മുയല്‍ വളര്‍ത്തലില്‍ ബേസിലിന്റെ സഹായി.

ബേസിലിന്റെ മുയലിനോടുള്ള ഇഷ്ടമറിഞ്ഞ് പിതാവ് സജി രണ്ട് ജോഡി മുയലിനെ വാങ്ങി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇവക്ക് കുട്ടികളുണ്ടായി. അത് വിറ്റ് ബേസില്‍ ഫാമില്‍ ഇല്ലാത്ത ഇനത്തില്‍പ്പെട്ടവയെയും വാങ്ങി വളര്‍ത്തുകയായിരുന്നു.

മുയല്‍ പരിപാലനം ഒരു ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞ ബേസില്‍ പിന്നീട് യൂട്യൂബിലൂടെയും മറ്റും കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് ഫാം വ്യാപിപ്പിച്ചത്.

തേങ്ങാപ്പിണാക്ക് മുതല്‍ മുരക്കിന്‍ചപ്പ് വരെ നീളുന്ന വ്യത്യസ്തങ്ങളായ തീറ്റകളാണ് മുയലിന് ഇവിടെ നല്‍കി വരുന്നത്. പ്രസവ സമയം കഴിഞ്ഞാല്‍ മുയലുകള്‍ക്ക് പയറ് മുളപ്പിച്ചതടക്കമുള്ള വൈറ്റമിന്‍ കൂടുതലുള്ള ഭക്ഷണങ്ങളും ബേസില്‍ നല്‍കി വരുന്നു.

നാല് കിലോ വരെ തൂക്കം വരുന്ന മുയലുകള്‍ വരെ ഇന്ന് ബേസിലിന്റെ പക്കലുണ്ട്. ഒഴിവ് സമയങ്ങളില്‍ ഏറെ സന്തോഷം നല്‍കുന്നതാണ് മുയല്‍ വളര്‍ത്തലെന്ന് ബേസില്‍ പറയുന്നു. പിതാവിനൊപ്പം തന്നെ മാതാവ് സിന്ധുവും എല്ലാവിധ പിന്തുണയുമായി ബേസിലിന് കൂട്ടിനുണ്ട്.