Connect with us

Kerala

അതിവേഗ റെയില്‍പാതയുമായി കേരളം; റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

അതിവേഗ റെയില്‍ പദ്ധതി ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാനം പുതിയ പദ്ധതി പ്രഖ്യാപിച്ച്.

Published

|

Last Updated

തിരുവനന്തപുരം | അതിവേഗ റെയില്‍പാതയുമായി കേരളം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടില്‍ റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അതിവേഗ റെയില്‍ പദ്ധതി ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

583 കിലോമീറ്റര്‍ നീളത്തിലുള്ള പദ്ധതി നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും. അതിനാവശ്യമായ കൂടിയാലോചനകള്‍ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അതിവേഗ റെയില്‍ പദ്ധതിയുമായി കേരളം മുന്നോട്ട് പോകുന്നത്. ഡല്‍ഹി – മീററ്റ് ആര്‍ ആര്‍ ടി എസ് മാതൃകയിലാണ് കേരളത്തിലും നടപ്പാക്കുക.

മണിക്കൂറില്‍ 160 – 180 കിലോമീറ്റര്‍ വരെ വേഗം, കുറഞ്ഞ സ്റ്റേഷന്‍ ഇടവേള, ഉയര്‍ന്ന യാത്രാ ശേഷി എന്നിവയാണ് പ്രത്യേകത. ഡല്‍ഹി – എന്‍ സി ആര്‍ പരിധിക്ക് പുറത്തേക്കും പരിഗണിക്കാമെന്ന അനുകൂല നിലപാട് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഡി പി ആര്‍ സമര്‍പ്പിക്കപ്പെടുന്നത് അനുസരിച്ച് കേരളത്തിലെ ആര്‍ ആര്‍ ടി എസ് പദ്ധതിയും ഗൗരവമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി കേരള സന്ദര്‍ശന വേളയില്‍ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനായി അതിവേഗ റെയില്‍വേ സംവിധാനമായ ആര്‍ ആര്‍ ടി എസ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പില്‍ കൂടെയുള്ള മോഡലിന് പകരം തൂണുകള്‍ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസ്സപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളില്‍ ഉയര്‍ന്നു വന്ന അഭിപ്രായ വ്യത്യാസങ്ങള്‍ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളില്‍ കൂടെയും ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രം എംബാങ്ക്‌മെന്റ്, ടണല്‍ എന്നിവയിലൂടെയും ആയിരിക്കും.

ആര്‍ ആര്‍ ടി ലൈനിനെ കുറിച്ച് സംസ്ഥാനം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്ന അഭിപ്രായവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ രംഗത്തുവന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ ആര്‍ ടി ലൈന്‍ പദ്ധതി കേരളത്തില്‍ അത്ര പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ ആര്‍ ടി ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ്. ഇതിന് വേഗത കുറവായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. കേരളം ലക്ഷ്യമിട്ട സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദല്‍ അതിവേഗ പാത 15 ദിവസത്തിനകം പ്രഖ്യാപിക്കും എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ ആര്‍ ടി ലൈന്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

 

 

Latest