Connect with us

Kerala

ഹജ്ജിന് ഇഷ്ടമുള്ള വിമാനവും തീയതിയും തിരഞ്ഞെടുക്കാം; ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് മുതല്‍

നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്

Published

|

Last Updated

കോഴിക്കോട് | ഇതാദ്യമായി ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വന്തം നിലയില്‍ വിമാന തീയതിയും വിമാനവും ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി തുടക്കം കുറിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പില്‍ഗ്രിം ലോഗിന്‍ ചെയ്താണ് വിമാനവും തീയതിയും ബുക്ക് ചെയ്യേണ്ടത്.

സുവിധാ ആപ്പ് വഴിയും ഇതിന് സൗകര്യമുണ്ട്. നിശ്ചിത സമയത്തേക്ക് മാത്രമായി ഓണ്‍ലൈന്‍ ബുക്കിംഗ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതല്‍ നാല് ദിവസം മാത്രമേ ഓണ്‍ലൈന്‍ വിമാന ബുക്കിംഗിനും തീയതി തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകുകയുള്ളൂ. ഒരു പ്രാവശ്യം ഒരു വിമാനം തിരഞ്ഞെടുത്തവര്‍ക്ക് പിന്നീട് മാറ്റാന്‍ കഴിയില്ല. ഇത് പ്രകാരം രണ്ട് കവറുകളില്‍ ആണെങ്കില്‍ പോലും ഒരേ കുടുംബത്തില്‍ പെട്ടവര്‍ക്കും കൂട്ടുകാര്‍ക്കും ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരമൊരുങ്ങും. ഈ വര്‍ഷത്തെ ഹജ്ജ് വിമാന ഷെഡ്യൂളുകള്‍ സംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനായി വിമാനം ബുക്ക് ചെയ്യുന്നതിനുള്ള നടപടികളും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിക്കുന്നത്. കൃത്യമായ അവസാന വിമാന ഷെഡ്യൂള്‍ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ ഹജ്ജിന് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് നേരത്തെയും അവസാനം പോകേണ്ടവര്‍ക്ക് അവസാനവും ഹജ്ജിന് പോകാന്‍ ഓണ്‍ലൈന്‍ അപേക്ഷ വഴി അവസരമൊരുങ്ങും. എന്നാല്‍ വിമാനത്തിന്റെ കപ്പാസിറ്റിയും സീറ്റിന്റെ ലഭ്യതയും അനുസരിച്ചായിരിക്കും ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹജ്ജ് യാത്രാ തീയതിയും വിമാനവും അനുവദിക്കുക.

കവര്‍ ഹെഡാണ് പില്‍ഗ്രിം ലോഗിനില്‍ വിമാന ബുക്കിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. എന്നാല്‍ ഇപ്രാവശ്യം ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ എല്ലാവരും ഓണ്‍ലൈനായി ഹജ്ജ് വിമാനത്തിന് ബുക്ക് ചെയ്യേണ്ടതില്ല. ആവശ്യമുള്ളവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റി നിശ്ചയിക്കുന്ന തീയതിയിലും വിമാനത്തിലും ഹജ്ജിന് പോകാം. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം കൂടുതല്‍ ഗുണപ്രദമാകും. ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി എല്ലാ സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ക്ക് അയച്ചിട്ടുണ്ട്.

 

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest