Connect with us

Kerala

സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം

ആത്മീയ ചൈതന്യവും പാപമോചനത്തിന്റെ പ്രതീക്ഷയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് സ്വലാത്ത് നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്

Published

|

Last Updated

മലപ്പുറം |  പുണ്യങ്ങളുടെ പൂക്കാലമായ റമസാനിലെ ഇരുപത്തിയേഴാം രാവില്‍ മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. രാവിലെ മുതല്‍ തന്നെ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. ആത്മീയ ചൈതന്യവും പാപമോചനത്തിന്റെ പ്രതീക്ഷയുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആയിരങ്ങളാണ് സ്വലാത്ത് നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പകല്‍ സമയങ്ങളില്‍ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സ, അസ്മാഉല്‍ ബദ്ര്, അസ്മാഉല്‍ ഹുസ്ന മജ്ലിസ്, എന്നിവയില്‍ വലിയ ജനപങ്കാളിത്തമാണ് കാണാനായത്. വൈകുന്നേരം നടക്കുന്ന വിപുലമായ ഇഫ്ത്വാര്‍ സംഗമത്തോടെ സദസ്സ് കൂടുതല്‍ സജീവമാകും.

ഈ മഹാസംഗമത്തിന്റെ വിജയത്തിന് പിന്നില്‍ പ്രാദേശികമായ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും കഥ പറയാനുണ്ട്. പ്രത്യേകിച്ച്, പരിസരപ്രദേശങ്ങളിലെ വീടുകളിലുള്ള ഉമ്മമാരുടെ സഹകരണം എടുത്തുപറയേണ്ടതാണ്. പതിനായിരക്കണക്കിന് വിശ്വാസികള്‍ക്കുള്ള നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതില്‍ ഇവിടുത്തെ ഉമ്മമാര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. ഇന്നത്തെ നോമ്പുതുറക്ക് ആവശ്യമായ പത്തിരിയും മറ്റ് പലഹാരങ്ങളും സ്നേഹത്തോടെ തയ്യാറാക്കി നല്‍കുന്നത് പരിസരത്തെ നൂറുകണക്കിന് വീടുകളിലെ ഉമ്മമാരാണ്. പുണ്യരാവിനോടനുബന്ധിച്ചുള്ള ഈ സേവനത്തെ ഒരു ആരാധനയായാണ് അവര്‍ കാണുന്നത്. പതിനായിരങ്ങള്‍ ഒന്നിച്ചുള്ള നോമ്പുതുറക്ക് വിഭവങ്ങളൊരുക്കാന്‍ സന്നദ്ധ സേവന പ്രവര്‍ത്തകര്‍ സജീവമാണ്. ഗതാഗത നിയന്ത്രണത്തിനും വിശ്വാസികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും എസ് വൈ എസ് സാന്ത്വന പ്രവര്‍ത്തകരും 5555 അംഗ വളണ്ടിയര്‍മാരുമുണ്ട്. വിശ്വാസികളുടെ പ്രവാഹം തുടരുന്ന സാഹചര്യത്തില്‍ സ്വലാത്ത് നഗറും പരിസരവും പ്രാര്‍ഥനാനിര്‍ഭരമായ ജനസമുദ്രമായി മാറും.

 

---- facebook comment plugin here -----

Latest