National
അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍
മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഡി ജി സി എ അന്വേഷണം പുരോഗമിക്കുന്നു
മുംബൈ | വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്‌കാരം ഇന്ന് ബാരാമതിയില്‍ നടക്കും. അജിത് പവാറിന്റെ ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും.
ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ഇവിടെ നിന്ന് വിലാപയാത്രയായി സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന വിദ്യാ പ്രതിഷ്ഠാന്‍ കോളേജില്‍ എത്തിക്കും. രാവിലെ 11നാണ് സംസ്‌കാര ചടങ്ങുകള്‍.
മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ ഡി ജി സി എ അന്വേഷണം പുരോഗമിക്കുന്നു. വിമാനം വാടകയ്ക്ക് നല്‍കിയ വി എസ് ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബാരാമതിയിലെ അപകട സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും.
അപകടത്തെതുടര്‍ന്ന് ബാരാമതി വിമാനത്താവളത്തിലെ എ ടി സി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവില്‍ ഇവിടെയുള്ളവര്‍ക്ക് പരിശീലനം നല്‍കും. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് നടപടി. ഇന്നലെ രാവിലെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വെച്ചുണ്ടായ വിമാന അപകടത്തില്‍ അജിത് പവാറിന്റെ അന്ത്യം. അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതി വിമാനത്താവളത്തിനടുത്ത് തകര്‍ന്ന് വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തല്‍ക്ഷണം മരിച്ചു. പൈലറ്റിന് റണ്‍വേ കൃത്യമായി കാണാന്‍ കഴിയാതെ പോയതാണ് ദുരന്തത്തിനിടയാക്കിയതെന്നാണ് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കിയത്.
ഇന്നലെ രാവിലെ 8.10നാണ് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് അജിത് പവാറും സംഘവും പുറപ്പെട്ടത്. അജിത് പവാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥനായ വിദിപ് ജാദവ്, പൈലറ്റുമാരായ സുമിത് കപൂര്‍, സാംബവി പഥക്, ഫ്‌ലൈറ്റ് അസിസ്റ്റന്റ് പിങ്കി മാലി എന്നിവരായിരുന്നു ലിയര്‍ ജെറ്റ് -45 എന്ന വിമാനത്തിലുണ്ടായിരുന്നത്. പുണെ ജില്ലാ പരിഷദ് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ഷക റാലിയടക്കം ബാരാമതിയില്‍ നാല് പരിപാടികളില്‍ പങ്കെടുക്കുകയയിരുന്നു അജിത് പവാറിന്റെ യാത്രാ പദ്ധതി. 8.50നായിരുന്നു വിമാനത്തിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ചത്. താഴ്ന്ന വിമാനം റണ്‍വേ തൊടുന്നതിന് മുന്‍പ് തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ രണ്ട് മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.
അരമണിക്കൂറോളം വിമാനം കത്തി. തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സിന് പോലും അടുത്തേക്കെത്താന്‍ കഴിഞ്ഞത്. എല്ലാവരും സംഭവസ്ഥലത്ത് മരിച്ചു.
മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റണ്‍വേ വ്യക്തമായി കാണാന്‍ കഴിയാത്തതാണ് അപകടകാരണം. ചെറിയ റണ്‍വേയില്‍ 8.48ഓടെ ആദ്യം ലാന്‍ഡ് ചെയ്യാനുള്ള അനുമതി എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ പൈലറ്റ് തേടിയിരുന്നു. എന്നാല്‍, റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ വീണ്ടും പറന്ന് രണ്ടാമത് ലാന്‍ഡിംഗിന് ശ്രമിച്ചു.
റണ്‍വേ വ്യക്തമാണെന്ന് പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് എ ടി സി ലാന്‍ഡിംഗിന് അനുമതി നല്‍കി. തൊട്ട് പിന്നാലെ റണ്‍വേയുടെ തുടക്കത്തില്‍ വീണ് വിമാനം തകരുകയായിരുന്നുവെന്ന് വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി. വിമാനത്തിന് തകരാറില്ലായിരുന്നുവെന്നാണ് ഡല്‍ഹി മഹിപാല്‍ പൂര്‍ ആസ്ഥാനമായ വിമാനകമ്പനിയായ വി എസ് ആര്‍ വെഞ്ച്വേഴ്‌സ് അവകാശപ്പെടുന്നത്. എന്നാല്‍, ഇതേ വിമാനം 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ കനത്ത മഴയത്ത് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറി അപകടത്തില്‍ പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറു പേര്‍ക്ക് അന്ന് പരിക്കേറ്റിരുന്നു.

