Connect with us

National

ഹൈദരാബാദില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി ട്രാക്കില്‍ മരിച്ച നിലയില്‍

ആറ് വയസ്സുള്ള കുരുന്നിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ വകവരുത്തണമെന്ന് തെലങ്കാന തൊഴില്‍ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

സൈദാബാദ്| തെലങ്കാനയില്‍ ജനരോഷം ഉണര്‍ത്തിയ കൊലപാതക കേസ് പ്രതി കൊല്ലപ്പെട്ട നിലയില്‍. ഹൈദരാബാദിലെ സൈദാബാദില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജുവിനെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല ച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. തെലങ്കാന ഡിജിപിയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അറിയിച്ചത്.

സെപ്തംബര്‍ ഒമ്പതിനാണ് സൈദാബാദില്‍ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ വീട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നു. ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ആറ് വയസ്സുള്ള കുരുന്നിനെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ വകവരുത്തണമെന്ന് തെലങ്കാന തൊഴില്‍ മന്ത്രി മല്ലം റെഡ്ഡി പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ‘ഞങ്ങള്‍ ആ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് എന്‍കൗണ്ടര്‍ ചെയ്യും. പ്രതിയെ വെറുതെ വിടുന്ന പ്രശ്‌നമില്ല. കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സഹായം കൈമാറും. പെണ്‍കുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കും’ – കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മല്ലം റെഡ്ഡി പറഞ്ഞു.

ബലാത്സംഗക്കേസ് പ്രതിയെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന തരത്തില്‍ തിങ്കളാഴ്ച മല്‍ക്കാജ്ഗിരി എംപിയും തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും പരാമര്‍ശം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തെലങ്കാന പൊലീസ് വെടിവെച്ചു കൊന്നിരുന്നു. സമാനമായ രീതിയില്‍ പ്രതികളേയും വധിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നത്.

ആറ് വയസുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ വലിയ പ്രതിഷേധമുയര്‍ത്തുന്നതോടെ തെലങ്കാന സര്‍ക്കാരും പൊലീസ് സേനയും കടുത്ത സമ്മര്‍ദ്ദത്തിലുമായിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നേരത്തെ ഇനാം പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഹൈദരാബാദിലും സെക്കന്തരാബാദിയും സൈദാബാദിലും വ്യാപകമായി പൊലീസ് തെരച്ചിലും പരിശോധനകളും നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഒന്‍പത് സംഘങ്ങളായി തിരിഞ്ഞ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. പ്രതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ തെലങ്കാന പൊലീസിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.