Kerala
എസ് ഐ ആര്‍: മരിച്ചവരും കണ്ടെത്താനാവാത്തതുമായ വോട്ടര്‍മാരുടെ കാര്യത്തില്‍ വിശദ പരിശോധനക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍
മരിച്ചവരുടെ പട്ടികയിലുള്ളവര്‍ മരണപ്പെട്ടത് തന്നെയാണോ, സ്ഥലം മാറിപ്പോയെന്നു പറയുന്നവരുടെ വിവരം വസ്തുതാപരമാണോ തുടങ്ങിയവയാണ് പരിശോധിക്കുക.
തിരുവനന്തപുരം | തീവ്ര വോട്ടര്‍പട്ടികാ പരിഷ്‌കരണത്തിന്റെ ഭാഗമായി (എസ് ഐ ആര്‍) മരിച്ചവരും കണ്ടെത്താനാവാത്തതുമായ വോട്ടര്‍മാരുടെ കാര്യത്തില്‍ വിശദ പരിശോധന നടത്താനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബി എല്‍ ഒമാരുടെ പട്ടികയിലുള്ള, ഇത്തരത്തില്‍ വരുന്ന ലക്ഷക്കണക്കിന് വോട്ടര്‍മാരെ സംബന്ധിച്ചാണ് പരിശോധന നടത്തുക.
മരിച്ചവരുടെ പട്ടികയിലുള്ളവര്‍ മരണപ്പെട്ടത് തന്നെയാണോ, സ്ഥലം മാറിപ്പോയെന്നു പറയുന്നവരുടെ വിവരം വസ്തുതാപരമാണോ തുടങ്ങിയവയാണ് പരിശോധിക്കുക. ഇതിനായി ബി എല്‍ ഒമാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബി എല്‍ എമാരും യോഗം ചേരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.
21 ലക്ഷത്തിലധികം പേരാണ് മരിച്ചവര്‍, കണ്ടെത്താനാവാത്തവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നില്‍ക്കൂടുതല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, മറ്റുള്ളവര്‍ എന്നീ വിഭാഗങ്ങളിലായി എ എസ് ഡി പട്ടികയിലുള്ളത്. ഇന്നലെ വരെയുള്ള കണക്കാണിത്. എന്യൂമറേഷന്‍ ഫോറം കൈപ്പറ്റാത്തവരോ വാങ്ങിയിട്ടും തിരികെ നല്‍കാന്‍ തയ്യാറാകാത്തവരോ ആണ് മറ്റുള്ളവരുടെ വിഭാഗത്തിലുള്ളത്.



