Kerala
എസ് ഐ ആര്‍: പകുതിയിലധികം വോട്ടര്‍മാരുടെ കൈയില്‍ എന്യൂമെറേഷന്‍ ഫോം എത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
ഇന്ന് രാത്രി എട്ടുവരെ വിതരണം ചെയ്തത് ഏകദേശം 1,52 ,84,874 പേര്‍ക്ക് (54.88 ശതമാനം) എന്യൂമെറേഷന്‍ ഫോം.
തിരുവനന്തപുരം | തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്യൂമെറേഷന്‍ ഫോം വിതരണത്തിന്റെ ഒമ്പതാം ദിവസമായ ബുധനാഴ്ച വൈകിട്ട് ആറോടെ പകുതിയിലധികം വോട്ടര്‍മാരുടെ കൈയില്‍ ഫോം എത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് രാത്രി എട്ടുവരെ ഏകദേശം 1,52 ,84,874 പേര്‍ക്ക് (54.88 ശതമാനം) എന്യൂമെറേഷന്‍ ഫോം വിതരണം ചെയ്തു. ഇത് കൃത്യമായ കണക്കല്ലെന്നും എല്ലാ ബി എല്‍ ഒമാരും മുഴുവന്‍ ഡാറ്റയും അപ് ലോഡ്‌ചെയ്തിട്ടില്ലെന്നും യഥാര്‍ഥ കണക്ക് ഇതിലും കൂടുതലാണെന്നും ഖേല്‍ക്കര്‍ അറിയിച്ചു.
നവംബര്‍ 25 നുള്ളില്‍ എസ് ഐ ആറിന്റെ ആദ്യഘട്ടമായ എന്യൂമറേഷന്‍ ഫോം വിതരണം പൂര്‍ത്തീകരിക്കാനാവുമെന്ന പ്രത്യാശ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആവര്‍ത്തിച്ചു. എന്യൂമെറേഷന്‍ ഫോം വിതരണത്തില്‍ പിന്നാക്കമായ ജില്ലകളിലെ ഇ ആര്‍ ഒമാരോടും കലക്ടര്‍മാരോടും നേരിട്ട് സംസാരിച്ച് ഇന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയതായും പ്രവാസികള്‍ക്കായി പ്രത്യേക കോള്‍ സെന്റര്‍ സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈന്‍ സംവിധാനം വോട്ടര്‍മാര്‍ ഫലപ്രദമായി വിനിയോഗിക്കണമെന്ന് ഖേല്‍ക്കര്‍ അഭ്യര്‍ഥിച്ചു. മുഴുവന്‍ ഫോമും വിതരണം ചെയ്ത ബി എല്‍ ഒമാരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭിനന്ദിച്ചു.


