Connect with us

STAMP PAPER

മുദ്രപേപ്പറുകളുടെ ക്ഷാമം: ആധാരം രജിസ്‌ട്രേഷൻ മുടങ്ങുന്നു

കുടുംബ രജിസ്ട്രേഷന് തിരിച്ചടി. ക്ഷാമം മലബാർ മേഖലയിൽ

Published

|

Last Updated

മലപ്പുറം | മുദ്രപേപ്പറുകളുടെ ക്ഷാമം കാരണം ആധാരം അടക്കമുള്ള രേഖകളുടെ രജിസ്ട്രേഷൻ മുടങ്ങുന്നു. മലബാർ മേഖലയിലാണ് ക്ഷാമം കൂടുതലും. 1,000ത്തിന് താഴോട്ടുള്ള സ്റ്റാമ്പ് പേപ്പറുകളുടെ ക്ഷാമമുണ്ടെങ്കിലും 1,000, 500 രൂപയുടെ സ്റ്റാമ്പ് പേപ്പറുകൾക്കാണ് കൂടുതൽ ക്ഷാമം നേരിടുന്നത്. 100, 50 തുടങ്ങി ചെറിയ തുകയുടെ മുദ്രപേപ്പറുകൾ ലഭ്യമാണെങ്കിലും ആവശ്യത്തിന് തികയാത്ത അവസ്ഥയാണ്. എന്നാൽ 5,000 മുതലുള്ള വലിയ മുദ്രപേപ്പറുകൾ ആവശ്യത്തിന് ലഭ്യമാണ് താനും.

ചെറിയ തുകയുടെ മുദ്രപേപ്പറുകളുടെ ക്ഷാമം കൂടുതലും ബാധിച്ചിരിക്കുന്നത് കുടുംബ ആധാരങ്ങളുടെ രജിസ്‌ട്രേഷനെയാണ്. സാധാരണ കുടുംബ ആധാരം രജിസ്റ്റർ ചെയ്യാൻ 1,000 രൂപയുടെ മുദ്രപേപ്പറാണ് ഉപയോഗിക്കാറ്. എന്നാൽ ആയിരത്തിന്റെ മുദ്രപേപ്പർ കിട്ടാനില്ലാത്തതിനാൽ 5,000 രൂപയുടെ മുദ്രപേപ്പർ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്. മുദ്രപേപ്പറുകളുടെ ക്ഷാമം കാരണം കുടുംബ ആധാരങ്ങളുടെ രജിസ്‌ട്രേഷൻ പാടെ നിലച്ചിരിക്കുകയാണെന്ന് ആധാരം എഴുത്തുകാർ പറയുന്നു.

ഗുണഭോക്താക്കളെ പോലെ തന്നെ ആധാരം എഴുത്തുകാരെയും ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വളരെ അത്യാവശ്യമുള്ള കുടുംബ ആധാരങ്ങളുടെ രജിസ്‌ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. 6,000 രൂപയുടെ മുദ്ര പേപ്പറാണ് ആവശ്യമെങ്കിൽ 10,000 രൂപയുടെയും 10,500 രൂപയുടെ മുദ്രപേപ്പറാണ് ആവശ്യമെങ്കിൽ 15,000 രൂപയുടെ മുദ്രപേപ്പറുകളും ആവശ്യക്കാർ വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. മുക്തിയാർ, കടകൾ, വാടക ക്വാർട്ടേഴ്‌സുകൾ തുടങ്ങി ചെറിയ തുകയുടെ ഉടമ്പടി തയ്യാറാക്കൽ എന്നിവയേയും മുദ്രപേപ്പറുകളുടെ ക്ഷാമം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് വെണ്ടർമാർക്ക് ട്രഷറികളിൽ നിന്ന് മുദ്രപേപ്പറുകൾ അനുവദിക്കുന്നത്. എന്നാൽ, ഇവ ലഭിക്കുന്നതിന് മുമ്പ് തന്നെ മുൻകൂട്ടി മുദ്ര പേപ്പറുകൾ ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്നും ആധാരം എഴുത്തുകാർ പറയുന്നു. ഇ സ്റ്റാമ്പ് ആക്കുന്നതിന്റെ ഭാഗമായാണ് മുദ്രപത്രത്തിന് ക്ഷാമമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest