Uae
ഹോപ്പ് മേക്കേഴ്സ് വിജയികളെ ഫെബ്രുവരി 15ന് ശൈഖ് മുഹമ്മദ് ആദരിക്കും
ദുരന്തബാധിതരെ സഹായിക്കാനും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനും മുന്നിട്ടിറങ്ങിയ 'പ്രതീക്ഷയുടെ നിര്‍മാതാക്കളെ' ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന വേദി കൂടിയായി ചടങ്ങ് മാറും.
ദുബൈ | അറബ് ലോകത്ത് മാനുഷിക സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കുന്ന ഹോപ്പ് മേക്കേഴ്സ് പുരസ്‌കാരങ്ങള്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിതരണം ചെയ്യും. ഫെബ്രുവരി 15ന് ദുബൈയില്‍ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ കൈമാറുക.
ആറാം പതിപ്പിലേക്ക് എത്തിയ ഹോപ്പ് മേക്കേഴ്സ് ദൗത്യത്തില്‍ ഇത്തവണയും പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് ഏറ്റവും മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരെയാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. ദുരന്തബാധിതരെ സഹായിക്കാനും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനും മുന്നിട്ടിറങ്ങിയ ‘പ്രതീക്ഷയുടെ നിര്‍മാതാക്കളെ’ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന വേദി കൂടിയായി പുരസ്‌കാര വിതരണ ചടങ്ങ് മാറും.
തിരഞ്ഞെടുക്കപ്പെട്ട വിജയിക്ക് ഒരു ദശലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക. അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് ഈ തുക സഹായകമാകും. സാധാരണക്കാരായ മനുഷ്യര്‍ നടത്തുന്ന അസാധാരണമായ പ്രവര്‍ത്തനങ്ങളെ ലോകം അറിയേണ്ടതുണ്ടെന്നും മറ്റുള്ളവര്‍ക്ക് ഇത് പ്രചോദനമാകണമെന്നും സംഘാടകര്‍ വ്യക്തമാക്കി.



