National
അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥയുമായുള്ള അമിത് ഷായുടെ ചിത്രം പങ്കുവെച്ചു; സംവിധായകനെതിരേ കേസ്
അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമം

അഹമ്മദബാദ് | അറസ്റ്റിലായ ഐ എ എസ് ഉദ്യോഗസ്ഥ പൂജ സിംഗാളുമായുള്ള കേന്ദ്രമന്ത്രി അമിത് ഷായുടെ ചിത്രം പങ്കുവെച്ചതിന് സംവിധായകന്‍ അവിനാശ് ദാസിനെതിരേ അഹമ്മദബാദ് സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്തു.
ചിത്രം അഞ്ച് വര്‍ഷം മുമ്പ് എടുത്തതാണെന്നും അമിത് ഷായുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ഇപ്പോള്‍ ചിത്രം പങ്കുവെച്ചതെന്ന് പോലീസ് പറഞ്ഞു. ത്രിവര്‍ണ്ണ പതാക ധരിച്ച സ്ത്രീയുടെ ചിത്രം പങ്കുവെച്ച് ദേശീയ പതാകയെ അപമാനിച്ചതിനും ദാസിനെതിരെ കേസെടുത്തിട്ടുണ്ട്.
ഈ മാസം എട്ടിനാണ് അവിനാശ് അറസ്റ്റിലായ ജാര്‍ഖണ്ഡ് കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയായ പൂജാ സിംഗാളുമൊത്തുള്ള അമിത് ഷായുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. അമിത് ഷായുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദാസിനെതിരേ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ചോദ്യം ചെയ്യലിനായി ദാസിനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഐ എ എസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.