Connect with us

sarath pawar

ബി ജെ പി സഖ്യത്തിലുള്ള അജിത് പവാര്‍ സ്വന്തം നേതാവെന്ന് ശരദ് പവാര്‍

പ്രതിപക്ഷ കൂട്ടായ്മയില്‍ ആശങ്ക

Published

|

Last Updated

മുംബൈ | എന്‍ സി പി പിളര്‍ന്നിട്ടില്ലെന്നും നേതാവ് അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍.

ബി ജെ പി സഖ്യത്തില്‍ ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ സ്വന്തം നേതാവെന്നു വിശേഷിപ്പിച്ച ശരത് പവാറിന്റെ നീക്കം മതേതര സഖ്യത്തില്‍ ആശങ്ക പടര്‍ത്തിയിരിക്കയാണ്.

പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ലെന്നും ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണു പവാര്‍ പറയുന്നത്.
പാര്‍ട്ടിയില്‍നിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ വേര്‍പിരിയുമ്പോഴാണു പിളര്‍പ്പുണ്ടാവുന്നത്. എന്‍ സി പിയില്‍ ഇന്ന് അത്തരത്തിലൊരു സ്ഥിതിവിശേഷമില്ലെന്നും ശരത് പവാര്‍ പറഞ്ഞു.
പിളര്‍പ്പിനു ശേഷം വിമത വിഭാഗവുമായി ശരദ് പവാര്‍ ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പ്രസ്താവന.

നേരത്തേ എന്‍ സി പിയില്‍നിന്നുള്ള ഒരു വിഭാഗം അജിത് പവാറിന്റെ നേതൃത്വത്തില്‍ ബി ജെ പിക്കൊപ്പം പോയിരുന്നു. തുടര്‍ന്ന് അജിത് പവാറിന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി പദം നല്‍കി. ഇത് ഇ ഡിയെ ഉപയോഗിച്ചുള്ള വിലപേശലിലൂടെയാണു സാധിച്ചതെന്നു നേരത്തേ ശരദ് പവാര്‍ ആരോപിച്ചിരുന്നു.

അടുത്തിടെ അജിത് പവാര്‍ പുണെയില്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശരദ് പവാറിന് കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തതായും വാര്‍ത്തകള്‍ വന്നിരുന്നു. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ യോഗം ഈ മാസം അവസാനം മുംബൈയില്‍ നടക്കാനിരിക്കേ പവാര്‍ രഹസ്യകൂടിക്കാഴ്ച നടത്തിയത് സഖ്യത്തില്‍ മുറുമുറുപ്പുകള്‍ക്കിടയായിക്കിയിട്ടുണ്ട്.

 

Latest