Connect with us

National

അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ഒഡിഷയില്‍ മൂന്ന് ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.

Published

|

Last Updated

ഭുവനേശ്വര്‍| ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് അക്വാന്‍ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥ വകുപ്പ്. ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെ സഞ്ചരിച്ച്, നര്‍സാപൂരിനും പുരിക്കുമിടയില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – യാനം, തെക്കന്‍ ഒഡിഷ തീരങ്ങളിലൂടെ കരയിലേക്ക് പ്രവേശിക്കും. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 മുതല്‍ 110 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അക്വാന്‍ ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.

ചുഴലിക്കാറ്റ് ബാധിക്കപ്പെടാന്‍ സാധ്യതയുള്ള ജില്ലകളിലായി ഒഡിഷ സര്‍ക്കാര്‍ 9,341 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. 2,98,676 ആളുകളെ ഒഴിപ്പിച്ച് 2,523 ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതായി സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പി പാട്ടീല്‍ പറഞ്ഞു. 24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്.

ഒഡിഷ തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മേഖലയില്‍ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ആറു ജില്ലകളില്‍ നവംബര്‍ 21 വരെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ അടക്കം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് കരതൊടുന്നതിനോട് അനുബന്ധിച്ച് ഒഡിഷയില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് അറിയിപ്പുള്ളതെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. ഏതു സാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാന്‍ വകുപ്പുകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്വാന്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഝാര്‍ഖണ്ഡിലെ വിവിധ ഇടങ്ങളില്‍ അടുത്ത രണ്ടു മൂന്നു ദിവസം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധനത്തിന് പോയ ആന്ധ്രയിലെ കാക്കിനാഡയില്‍ നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡിഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തില്‍ അഭയം തേടി. ബംഗാളിലും ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Severe Cyclone Akwan will make landfall today between Narsapur and Puri with winds up to 110 kmph. Odisha evacuated nearly three lakh people, declared holidays in six districts, and cancelled 69 trains under a red alert. Heavy rain warnings are also active for Andhra Pradesh, Bengal, and Jharkhand.

Latest