Connect with us

Kerala

പതിനേഴുകാരി പ്രസവിച്ച സംഭവം; യുവാവും പെണ്‍കുട്ടിയുടെ മാതാവും റിമാന്‍ഡില്‍

യുവാവ് മുമ്പും പോക്സോ കേസില്‍ പ്രതി. താലികെട്ട് നടന്നത് ക്ഷേത്രത്തില്‍.

Published

|

Last Updated

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ കുട്ടിയെ വിവാഹം കഴിച്ച യുവാവും കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാവും റിമാന്‍ഡില്‍. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളി വിളയില്‍ വീട്ടില്‍ ആദിത്യന്‍(21), ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന പെണ്‍കുട്ടിയുടെ മാതാവ് എന്നിവരാണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഇവര്‍ കേസിലെ ഒന്നും രണ്ടും പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

മൂന്നും നാലും പ്രതികളായ യുവാവിന്റെ മാതാപിതാക്കളുമായി ആലോചിച്ച് സമ്മതം നേടിയാണ് രണ്ടാം പ്രതി ഇരുവരുടെയും വിവാഹം നടത്തികൊടുത്തത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് പ്രതി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ എതിര്‍ത്തുവെങ്കിലും അത് വകവെക്കാതെ ബന്ധം തുടരുകയും ഒരുമിച്ച് താമസമാക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും അഞ്ചാം മാസം യുവാവിന്റെ മാതാപിതാക്കള്‍ ജോലി ചെയ്യുന്ന വയനാട്ടിലേക്ക് പോവുകയും ചെയ്തു. അവിടെവച്ച് പെണ്‍കുട്ടി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി.

പ്രസവത്തിനു ശേഷം നാല് മാസം കഴിഞ്ഞ് കുഞ്ഞുമായി ഇവിടെ വന്ന് യുവാവിനൊപ്പം താമസിക്കുകയായിരുന്നു. ആദിത്യനുമായി പിണക്കത്തിലായ പെണ്‍കുട്ടിയുടെ സഹോദരന്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അറിയിച്ചതുപ്രകാരം ഏനാത്ത് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു.

2022 മുതല്‍ പെണ്‍കുട്ടിയുമായി പരിചയമുള്ള യുവാവ് പ്രണയം നടിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ഭര്‍ത്താവുമായി പിരിഞ്ഞുനില്‍ക്കുന്ന രണ്ടാം പ്രതിയും മറ്റും താമസിക്കുന്ന വാടകവീട്ടില്‍ നിത്യസന്ദര്‍ശകനായി മാറിയ ഇയാളെ കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയുടെ പ്ലസ് വണ്‍ പരീക്ഷാ സമയത്ത് മാതാവ് വിളിച്ചുവരുത്തി. തുടര്‍ന്ന്, ഇയാളുടെ മാതാപിതാക്കളുടെ സമ്മതം വാങ്ങിയ ശേഷം പെണ്ഡകുട്ടിയെ ഇയാള്‍ക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് ഇരുവരുടെയും താലികെട്ടു നടക്കുകയും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ പ്രതിയുടെ വീട്ടില്‍ കഴിഞ്ഞുവരികയുമായിരുന്നു.

നിയമാനുസൃതമല്ലാത്ത വിവാഹത്തിന് കൂട്ടുനില്‍ക്കുകയും, നിയമാനുസൃത രക്ഷാകര്‍തൃത്വത്തില്‍ നിന്നും മനപ്പൂര്‍വം ഒഴിവാകണമെന്നുമുള്ള ഉദ്ദേശത്തോടെയാണ് ഇവര്‍ പെണ്‍കുട്ടിയെ യുവാവിനോപ്പം അയച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇത് മറച്ചുവെക്കാനായി പ്രതിയുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന വയനാട്ടിലേക്ക് ഇവര്‍ എത്തിച്ചു. വയനാട്ടിലെ കൈനാടി സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രസവം നടന്നത്. തുടര്‍ന്നാണ് ഇവിടെയെത്തി യുവാവുമൊത്ത് വീണ്ടും താമസിച്ചുവന്നത്.

കഴിഞ്ഞ ദിവസം ശിശുസംരക്ഷണ യൂണിറ്റില്‍ നിന്നും സംഭവം സംബന്ധിച്ച് കത്ത് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും ഇന്നലെ പെണ്‍കുട്ടിയെ കണ്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വിശദമായി മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായ കുറ്റകൃത്യം ആണ് നടന്നിരിക്കുന്നതെന്ന് ബോധ്യപ്പെട്ട പോലീസ്, ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും ബാലനീതി നിയമമനുസരിച്ചും ബാല വിവാഹ നിരോധന നിയമം ഒമ്പതാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആദിത്യന്‍ പ്രതിയാണ് എന്ന് അന്വേഷണത്തില്‍ വെളിവായി.

 

---- facebook comment plugin here -----

Latest