Uae
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏഴ് തരം അവധി
തൊഴിലുടമകൾക്ക് ടൂൾകിറ്റ് പുറത്തിറക്കി മന്ത്രാലയം

അബൂദബി | തൊഴിൽ നിയമങ്ങളെക്കുറിച്ചും ജീവനക്കാരുടെ അവകാശങ്ങളെക്കുറിച്ചും തൊഴിലുടമകളെ ബോധവത്കരിക്കുന്നതിനായി അവബോധ ടൂൾകിറ്റ് പുറത്തിറക്കി മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം. 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 33 അനുസരിച്ച് തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങളും കടമകളും സന്തുലിതമാക്കുന്നതിനും ടൂൾകിറ്റ് സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഏഴ് തരം അവധികൾക്ക് അർഹതയുണ്ട്. വാർഷിക അവധി, അസുഖ അവധി, പഠന അവധി, രക്ഷാകർതൃ അവധി, മരണാനന്തര അവധി, ദേശീയ സേവന അവധി, സ്ത്രീകൾക്കുള്ള പ്രസവാവധി എന്നിവയാണ് അവ.
കൂടാതെ, പൊതു അവധി ദിവസങ്ങളിലും ജീവനക്കാർക്ക് പൂർണ ശമ്പളത്തോടെ അവധിക്ക് അർഹതയുണ്ട്. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്യേണ്ടിവന്നാൽ, മറ്റൊരു ദിവസം അവധി നൽകി തൊഴിലുടമ നഷ്ടപരിഹാരം നൽകുകയോ സാധാരണ വേതനത്തിന് പുറമെ അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം കൂടി നൽകുകയോ വേണം.
സേവനാവസാന ആനുകൂല്യങ്ങളും ടൂൾകിറ്റ് വിശദമാക്കുന്നുണ്ട്. തുടർച്ചയായി ഒരു വർഷം സേവനം പൂർത്തിയാക്കിയ പ്രവാസി ജീവനക്കാർക്ക് സേവനാവസാന ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ട്. ആദ്യത്തെ അഞ്ച് വർഷത്തെ സേവനത്തിന് ഓരോ വർഷത്തിനും 21 ദിവസത്തെ അടിസ്ഥാന വേതനം ലഭിക്കും. തുടർന്നുള്ള ഓരോ വർഷത്തിനും 30 ദിവസത്തെ അടിസ്ഥാന വേതനമാണ് ലഭിക്കുക. ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് ജീവനക്കാരന്റെ അവസാനത്തെ അടിസ്ഥാന വേതനത്തെ അടിസ്ഥാനമാക്കിയാണ് എന്നും ഇത് വിശദീകരിക്കുന്നു.