Editorial
നിയമ വ്യവസ്ഥയുടെ ബലിയാടുകള്‍
ജാമ്യനിഷേധവും ജാമ്യം അനുവദിക്കുന്നതിലെ കാലതാമസവും വിചാരണ കൂടാതെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നതുമെല്ലാം നീതിന്യായ വ്യവസ്ഥക്ക് യോജിക്കാത്ത കാര്യങ്ങളാണ്. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് അത് ഇടിവ് സൃഷ്ടിക്കും.

ജെ എന്‍ യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം തുടങ്ങിയവരുടെ ജാമ്യാപേക്ഷ വീണ്ടും തള്ളിയ ഡല്‍ഹി ഹൈക്കോടതി വിധി ദുരൂഹമാണ്. ‘ജാമ്യം നിയമമാണ്, പ്രതികളുടെ അവകാശ’വുമാണെന്ന് സുപ്രീംകോടതിയും ഹൈക്കോടതികളും ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കെയാണ് അഞ്ച് വര്‍ഷമായി ജയിലില്‍ തടവില്‍ കഴിയുന്ന ഇവരുടെ ജാമ്യാപേക്ഷ ഡല്‍ഹി പോലീസിന്റെയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും വാദഗതികള്‍ അപ്പാടെ അംഗീകരിച്ച് ജസ്റ്റിസുമാരായ നവീന്‍ ചാവ്്‌ല, ശാലീന്ദര്‍ കൗര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ബഞ്ച് നിരസിച്ചത്. ഗൂഢാലോചന തെളിയിക്കുന്നതിന് പോലീസിന്റെ കൈയില്‍ മതിയായ തെളിവുകളുണ്ട്. ജാമ്യം നേടിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ച് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെയും തുഷാര്‍ മേത്തയുടെയും വാദം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമാധാനപരമായി നടന്നുവന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുത്വരാണ് ഡല്‍ഹിയില്‍ കലാപം അഴിച്ചു വിട്ടതെന്ന് വസ്തുതാന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയതാണ്. ബി ജെ പി നേതാവ് കപില്‍മിശ്രയുടെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് തിരികൊളുത്തിയത്. കലാപത്തില്‍ കൊല്ലപ്പെട്ട 53 പേരില്‍ 40 പേരും മുസ്ലിംകളാണെന്നതും ശ്രദ്ധേയമാണ്. തകര്‍ക്കപ്പെട്ട കടകളും കെട്ടിടങ്ങളും മുസ്ലിംകളുടേതു തന്നെ. എന്നിട്ടും ചില മുസ്ലിം സംഘടനകളാണ് കലാപം ആസൂത്രണം ചെയ്തതെന്ന വാദമാണ് ഡല്‍ഹി പോലീസ് ഉയര്‍ത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും കലാപത്തിന്റെ ഇരകള്‍ തന്നെ. എന്നിട്ടും കോടതി അവരുടെ ജാമ്യാപേക്ഷ നിരസിച്ചു. നേരത്തേ വിചാരണാ കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ അറസ്റ്റിലായ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍, ജാമ്യം നല്‍കിയാല്‍ പ്രതി തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചപ്പോള്‍, സുപ്രീം കോടതി അതപ്പാടെ നിരസിക്കുകയാണുണ്ടായത്. തെളിവുകള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ അത് നശിപ്പിക്കപ്പെടുമെന്ന ആശങ്ക അസ്ഥാനത്താണെന്നാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥ് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് അന്ന് പറഞ്ഞത്. സമാനം തന്നെയല്ലേ ഉമര്‍ ഖാലിദിന്റെയും കൂട്ടാളികളുടെയും അവസ്ഥയും. പ്രതികള്‍ക്കെതിരായ തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരിക്കെ ആ തെളിവുകളിലെങ്ങനെയാണ് പ്രതികള്‍ക്ക് കൈവെക്കാന്‍ സാധിക്കുക? നീതിന്യായ വ്യവസ്ഥക്ക് യോജിച്ചതോ ഈ ഇരട്ടത്താപ്പ്?
1978ല്‍ ഗുഡികന്തു നരസിംഹുലു കേസില്‍ ജസ്റ്റിസ് വി എസ് കൃഷ്ണയ്യരാണ് സുപ്രീം കോടതിയില്‍ ‘ജാമ്യമാണ് നിയമം; തടങ്കല്‍ അപവാദവും’ എന്ന പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പ് സംരക്ഷണം നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണ് ജാമ്യത്തിനുള്ള അവകാശമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ വിശദീകരിച്ചു. 2018ല്‍ ദത്താറാം കേസില്‍ സുപ്രീം കോടതി പറഞ്ഞു, ‘ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയായി കണക്കാക്കണം. ജാമ്യം നല്‍കുന്നത് നിയമപരമായ ചട്ടമാണ്’. 2024 ആഗസ്റ്റില്‍ പി എം എല്‍ എ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അനുയായി പ്രേംകുമാറിന് ജാമ്യം അനുവദിച്ചു കൊണ്ട് നടത്തിയ വിധിപ്രസ്താവനയില്‍ പരമോന്നത കോടതി ഇതാവര്‍ത്തിച്ചു. യു എ പി എ പോലുള്ള കടുത്ത വകുപ്പുകള്‍ ചാര്‍ത്തപ്പെട്ട കേസുകളില്‍ പോലും സുപ്രീം കോടതി ഇക്കാര്യം ഉണര്‍ത്തിയിട്ടുണ്ട്.
1948ല്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ച സാര്‍വത്രിക മനുഷ്യാവകാശ ചട്ടങ്ങളില്‍ ഉള്‍ക്കൊണ്ടതാണ് ജാമ്യം നിയമം എന്ന നീതിവ്യവസ്ഥ. എന്നിട്ടും മിക്കപ്പോഴും കോടതികള്‍ തത്ത്വം പാലിക്കാന്‍ വിസമ്മതിക്കുന്നു. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവരോ, കേന്ദ്രഭരണ കക്ഷിയുടെ രാഷ്ട്രീയ ശത്രുക്കളോ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലാണ് ഈ നീതിനിഷേധം കൂടുതലായി കണ്ടുവരുന്നത്. ജൂലൈ ഏഴിന് കൊച്ചിയില്‍ നടന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍, നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ഇക്കാര്യം എടുത്തുപറയുകയുണ്ടായി. ‘ജാമ്യമാണ് നിയമമെന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ മറന്നു തുടങ്ങിയിരിക്കുന്നു കോടതികള്‍’ എന്നായിരുന്നു ജസ്റ്റിസ് ഗവായിയുടെ വാക്കുകള്‍.
ജാമ്യനിഷേധവും ജാമ്യം അനുവദിക്കുന്നതിലെ കാലതാമസവും വിചാരണ കൂടാതെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നതുമെല്ലാം നീതിന്യായ വ്യവസ്ഥക്ക് യോജിക്കാത്ത കാര്യങ്ങളാണ്. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന് അത് ഇടിവ് സൃഷ്ടിക്കും. 2017 മാര്‍ച്ച് 10ന് ജസ്റ്റിസുമാരായ ആദര്‍ശ് കുമാര്‍ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് കീഴ്ക്കോടതികളെ ചില സുപ്രധാന കാര്യങ്ങള്‍ ഓര്‍മിപ്പിച്ചിരുന്നു. ‘യഥാസമയം നീതി ലഭ്യമാക്കുകയെന്നത് മനുഷ്യാവകാശത്തിന്റെ ഭാഗമാണ്. കോടതി നടപടികളിലുള്ള കാലതാമസം നീതിന്യായ വ്യവസ്ഥയിലുള്ള ജനവിശ്വാസത്തിന് ഭീഷണിയാണെ’ന്നായിരുന്നു അതിലെ ഒരു പരാമര്‍ശം. ജുഡീഷ്യല്‍ വ്യവസ്ഥയില്‍ അകപ്പെട്ടവര്‍ക്ക് അനുഭവപ്പെടുന്ന ചെറിയ കാലതാമസം ചിലപ്പോള്‍ അവരുടെ ജീവിതത്തില്‍ കനത്ത നഷ്ടങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും ഇടവരുത്തും. ആര്‍ക്കാണ് അത് പരിഹരിക്കാനാകുക.
ഉമര്‍ ഖാലിദിനും കൂട്ടാളികള്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ട തീവ്രവാദബന്ധം തെളിയിക്കാന്‍ ഇതുവരെയും അന്വേഷണോദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. സി എ എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എഫ് ഐ ആറുകള്‍ തയ്യാറാക്കുന്നതില്‍ പോലീസിന് പിഴവ് സംഭവിച്ചതായി നേരത്തേ ഡല്‍ഹി ഹൈക്കോടതി തന്നെ കുറ്റപ്പെടുത്തിയതുമാണ്. പിന്നെ എന്തടിസ്ഥാനത്തിലാണ് അവര്‍ക്ക് ജാമ്യം നിഷേധിക്കുന്നത്? അഞ്ച് കൊല്ലം കടന്നുപോയിട്ടും രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ വിചാരണ പോലും ആരംഭിച്ചിട്ടില്ലാത്ത നിയമ വ്യവസ്ഥയുടെ ബലിയാടുകളാണവര്‍.