Connect with us

Ongoing News

സഊദി -ഖത്തര്‍ അതിവേഗ റെയില്‍ ലിങ്ക് ; കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു

സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്കാണ് നിര്‍മ്മിക്കുന്നത്

Published

|

Last Updated

റിയാദ്  | സഊദി അറേബ്യയും ഖത്തറും തമ്മില്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള കരാറില്‍ ഒപ്പ്വെച്ചു. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനിയും പങ്കെടുത്ത സഊദി -ഖത്തരി ഏകോപന കൗണ്‍സിലിന്റെ യോഗത്തിന് ശേഷമാണ് കരാറില്‍ ഒപ്പ്വെച്ചത്

സഊദി ഗതാഗത, ലോജിസ്റ്റിക്‌സ് സേവന മന്ത്രി സാലിഹ് അല്‍-ജാസറും ഖത്തര്‍ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍-താനിയുമാണ് കരാറില്‍ ഒപ്പുവെച്ചത് .സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റെയില്‍ ലിങ്കാണ് നിര്‍മ്മിക്കുന്നത് .റയില്‍വേ ലൈന്‍ നിലവില്‍ വരുന്നതോടെ ഇരുരാജ്യ തലസ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയുകയും ചെയ്യും.

അതിവേഗ പാതക്ക് 785 കിലോമീറ്ററാണ് ദൂരം. മണിക്കൂറില്‍ 300 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ട്രെയിനുകള്‍ വഹിക്കുകയും ചെയ്യും. അല്‍ഹുഫൂഫ്, ദമാം ഉള്‍പ്പെടെ രണ്ട് വിമാനത്താവളങ്ങള്‍ക്കിടയില്‍ സ്റ്റോപ്പുകളും ഉണ്ടായിരിക്കും. ഈ സേവനം മേഖലയിലെ റെയില്‍ യാത്രയെ ഗണ്യമായി മെച്ചപ്പെടുത്തുകയും വ്യാപാരത്തിനും ടൂറിസത്തിനും വലിയ സംഭാവനകള്‍ നല്‍കുകയും ചെയ്യും. കൂടാതെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടം 115 ബില്യണ്‍ റിയാലാണ് കണക്കാക്കുന്നത്.

അത്യാധുനിക സാങ്കേതികവിദ്യകളും സ്മാര്‍ട്ട് എഞ്ചിനീയറിംഗും ഉപയോഗിച്ചാണ് രൂപകല്‍പ്പന. കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിലൂടെയും കൂടുതല്‍ കാര്യക്ഷമവും നൂതനവുമായ ഗതാഗതത്തെ പിന്തുണയ്ക്കുന്നതിലൂടെയും പരിസ്ഥിതി സുസ്ഥിരതയ്ക്ക് സംഭാവന നല്‍കും. ഇത് പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുന്നതിനും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ക്കിടയിലെ കണക്റ്റിവിറ്റിയും സംയോജനവും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രധാന പദ്ധതികളില്‍ ഒന്നായാണ് കണക്കാക്കുന്നത്

 

Latest