Kerala
പേരൂര്‍ക്കടയിലെ ലൈംഗികാതിക്രമ കേസിലെ പ്രതിയും സന്തോഷ് തന്നെ; സ്ഥിരീകരണം വിരലടയാള പരിശോധനയില്‍
കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.

തിരുവനന്തപുരം | മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ പോലീസ് പിടികൂടിയ സന്തോഷ് തന്നെയാണ് പേരൂര്‍ക്കടയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മോശമായി പെരുമാറിയതെന്ന് സ്ഥിരീകരണം. വിരലടയാള പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്.
നഗരത്തില്‍ പഠിക്കാനെത്തിയ പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ പരാതി. അന്ന് പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോയെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ദിവസം മ്യൂസിയം റോഡില്‍ നടക്കാനിറങ്ങിയ യുവതിയെ കടന്നുപിടിച്ച കേസില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ മാധ്യമങ്ങളില്‍ വന്ന ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരി വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് സന്തോഷിന്റെ വിരലടയാളം ശേഖരിക്കുകയും ഫോറന്‍സിക് ലാബില്‍ പരിശോധനക്കയക്കുകയും ചെയ്തത്. സന്തോഷിനെ ഈ കേസിലും പ്രതി ചേര്‍ത്ത് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യും.