Connect with us

Kerala

തുണിയില്‍ മുക്കുന്ന നിറം ചേര്‍ത്ത് മിഠായി വില്‍പ്പന; തിരൂരില്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ റെയ്ഡ്

റോഡമിന്‍ ബി പിടികൂടിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

Published

|

Last Updated

തിരൂര്‍ | ബിപി അങ്ങാടി നേര്‍ച്ച ആഘോഷസ്ഥലത്ത് വില്‍പ്പനയ്ക്കുവെച്ച മിഠായികളില്‍ തുണിയില്‍ മുക്കുന്ന നിറം ഉപയോഗിച്ചതായി കണ്ടെത്തി. ആരോഗ്യത്തിന് ഹാനികരമായ റോഡമിന്‍ ബി ആണ് മിഠായികളില്‍ ചേര്‍ത്തിരുന്നത്. തുണികളില്‍ നിറം നല്‍കാന്‍ ആയി വ്യാപകമായി ഉപയോഗിക്കുന്ന നിറപ്പൊടിയാണ് റോഡമിന്‍ ബി.

നിറംചേര്‍ത്ത ഇത്തരം മിഠായികൾ  തിരൂരില്‍ പിടികൂടിയശേഷം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ചോക്ക് മിഠായി നിര്‍മ്മാണശാലകളിലും പരിശോധന നടത്തി. റോഡമിന്‍ ബി പിടികൂടിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി.

പിടികൂടിയ മിഠായിയുടെ സാമ്പിള്‍ കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്. അതേസമയം ഈ നിറം ഉപയോഗിച്ച് മിഠായി നിര്‍മ്മിക്കരുതെന്ന് മുന്നറിയിപ്പൊന്നും തന്നിട്ടില്ലെന്നാണ് നിര്‍മ്മാതാക്കള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ സുജിത്ത് പെരോര, തിരൂര്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Latest