Connect with us

Kerala

ആരോപണമുന്നയിക്കുന്നത് തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്നയാള്‍; കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കും: ആന്റോ ആന്റണി എംപി

പുറത്തുവരാന്‍ ഒട്ടേറെ സത്യങ്ങളുണ്ടെന്നും വരും ദിവസങ്ങളില്‍ അവ പുറത്തുവരുമെന്നും മന്ത്രി വീണാജോര്‍ജ് ഉള്‍പ്പെടെ സി പി എം നേതാക്കള്‍ കാത്തിരിക്കണമെന്നും ആന്റോ

Published

|

Last Updated

പത്തനംതിട്ട |  ശബരിമല സ്വര്‍ണകൊള്ളയില്‍ പാര്‍ട്ടിക്ക് നേരിട്ട കടുത്ത ആഘാതം മറികടക്കാന്‍ എതിര്‍ കക്ഷികള്‍ക്കെതിരെ വ്യാജ ആരോപണങ്ങളുമായി സി പി എം ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണെന്ന് ആന്റോ ആന്റണി എം പി. ജനശ്രദ്ധ തിരിച്ചുവിടുവാന്‍ വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ആന്റോ പറഞ്ഞു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സി പി എം മുന്‍ ജില്ലാ സെക്രട്ടറി ഉദയഭാനു ഉന്നയിക്കുന്നതെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.

ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ചിത്രം ചൂണ്ടിക്കാട്ടിയാണ് ആദ്യ ആരോപണം നടന്നത്. തനിക്ക് ഇതിമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്ന് എസ് ഐ ടി അന്വേഷണത്തില്‍ തെളിഞ്ഞതോടെ ആ ആരോപണം പൊളിഞ്ഞു. ശബരിമല തന്ത്രിയുടെ രണ്ടരകോടി രൂപ തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടായിരുന്നെന്നും ആ പണം താന്‍ പിന്‍വലിച്ചെന്നും അടുത്ത ആരോപണം പൊടിതട്ടി പുറത്തെടുക്കുന്നത്. ശബരിമല തന്ത്രിക്ക് ഈ ധനകാര്യ സ്ഥാപനത്തില്‍ യാതൊരു നിക്ഷേപവും ഉണ്ടായിരുന്നില്ലെന്നും ഈ തന്ത്രിയെ ജീവിതത്തില്‍ ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലെന്ന് ധനകാര്യ സ്ഥാപന ഉടമ വ്യക്തമാക്കുകയും ചെയ്തപ്പോള്‍ ആ ആരോപണവും പൂര്‍ണമായി പൊളിഞ്ഞു.

ഒളിവിലിരുന്ന് ഫേസ്ബുക്കിലൂടെ വ്യാജ ആരോപണങ്ങള്‍ പടച്ചുവിടുന്ന സി പി എം മുന്‍ ജില്ലാ സെക്രട്ടറിക്ക് തനിക്കു തെറ്റുപറ്റിയെന്ന് വെളിവാക്കാന്‍ തയ്യാറായില്ലന്നത് ഏറെ അപഹാസ്യകരമാണെന്ന് ആന്റോ പറഞ്ഞു. ഈ രണ്ട് ആരോപണങ്ങളിലും താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള്‍ പുതിയ ആരോപണവുമായി സി പി എം രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി സി പി എം നേതാക്കള്‍ രംഗത്തിറക്കിയിരിക്കുന്നത് മുന്നൂറു കോടിയോളം രൂപ പൊതുജനങ്ങള്‍ക്ക് നഷ്ടമുണ്ടാക്കുകയും അതിന്റെ പേരില്‍ ആറുമാസത്തോളം ജയില്‍ വാസമനുഷ്ഠിച്ച ധനകാര്യ സ്ഥാപന ഉടമയെയാണ്. ഇടതു മുന്നണിയുടെ ഘടകകക്ഷിയുടെ നേതാവായ ധനകാര്യ സ്ഥാപന ഉടമയെകൊണ്ട് അദ്ദേഹത്തിന്റെ കൈയ്യില്‍ നിന്നും രണ്ടുകോടി രൂപ താന്‍ കൈപ്പറ്റി എന്ന വ്യാജ ആരോപണം ഉന്നയിക്കുകയാണ്. താന്‍ പണം കൈപ്പറ്റി എന്നത് സംബന്ധിച്ച രേഖകള്‍ പുറത്ത് വിടാന്‍ ഉദയഭാനുവിനോ ധനകാര്യ സ്ഥാപന ഉടമയ്‌ക്കോ കഴിയുമോ എന്ന് ആന്റോ ആന്റണി ആവശ്യപ്പെട്ടു.

പുറത്തുവരാന്‍ ഒട്ടേറെ സത്യങ്ങളുണ്ടെന്നും വരും ദിവസങ്ങളില്‍ അവ പുറത്തുവരുമെന്നും മന്ത്രി വീണാജോര്‍ജ് ഉള്‍പ്പെടെ സി പി എം നേതാക്കള്‍ കാത്തിരിക്കണമെന്നും ആന്റോ പറഞ്ഞു. സി പി എം എത്രയെല്ലാം വ്യാജ പ്രചരണം നടത്തിയാലും സത്യം പുറത്തുവരും. തന്നെ വ്യക്തിഹത്യ ചെയ്യാനും തന്റെ അമ്പത് വര്‍ഷത്തെ പൊതുജീവിതം തകര്‍ക്കുവാനുമുള്ള സി പി എമ്മിന്റെ ഗൂഢശ്രമം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച ഉദയഭാനുവിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആന്റോ പറഞ്ഞു. എന്നാല്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞ വിവരങ്ങള്‍ പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് സി പി എം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അറിയിച്ചു.

 

---- facebook comment plugin here -----

Latest