Connect with us

Malappuram

ആത്മീയതയില്‍ നിറഞ്ഞ് സ്വലാത്ത് നഗര്‍; മുഹര്‍റം ആശൂറാ സമ്മേളനത്തിന് പ്രൗഢ സമാപനം

മാനവിക ചരിത്രത്തില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മുഹര്‍റം പത്തിന്റെ പുണ്യം തേടി പതിനായിരങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്.

Published

|

Last Updated

മലപ്പുറം | വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതിയേകി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുഹര്‍റം ആശൂറാ സമ്മേളനത്തിന് പ്രൗഢ സമാപനം. മാനവിക ചരിത്രത്തില്‍ ഒട്ടേറെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മുഹര്‍റം പത്തിന്റെ പുണ്യം തേടി പതിനായിരങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ ഒരു പകല്‍ മുഴുവന്‍ ദിക്‌റുകളും പ്രാര്‍ത്ഥനകളുമുരുവിട്ട് സ്വലാത്ത് നഗറില്‍ സംഗമിച്ചു. ജീവിതത്തില്‍ വന്നുപോയ അവിവേകങ്ങള്‍ക്ക് അവര്‍ നാഥനോട് മാപ്പിരന്നു. ഗതകാലത്ത് ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചും നവകാല ജീവിതത്തിന്റെ സുഖങ്ങളും ദുഃഖങ്ങളും ഏറ്റെടുക്കാന്‍ തയാറായുമാണ് വിശ്വാസികള്‍ പുതുവര്‍ഷത്തെ വരവേറ്റത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തിരിച്ചുവരവിന്റെയും പ്രതിസന്ധികളില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും പാഠമാണ് ഹിജ്‌റ വര്‍ഷത്തിലെ ആദ്യ മാസമായ മുഹര്‍റം നല്‍കുന്നതെന്ന് അദ്ദേഹം ഉണര്‍ത്തി. ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും എല്ലാവര്‍ക്കുമുണ്ടാകും. മനക്കരുത്തോടെയും അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തോടെയും അവയെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാണ്. പ്രവാചകരുടെയും മഹത്തുക്കളുടെയും ജീവിതാനുഭവങ്ങള്‍ പഠിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമായ കര്‍ബലയെ മുന്‍നിര്‍ത്തി മുഹര്‍റം പത്തിന് വേദനയുടെയും വെറുപ്പിന്റെയും പരിവേഷമണിയിക്കുന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇത്തരം പുണ്യദിനങ്ങളില്‍ ദുഃഖാചരണത്തിന്റെ ഭാഗമായി നടക്കുന്ന ആഭാസങ്ങള്‍ക്ക് ഇസ്ലാമിന്റെ പിന്തുണയില്ലെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നിരവധി സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിച്ച പരിപാടിയില്‍ പ്രവാചക പൗത്രന്‍ സയ്യിദ് ഹുസൈന്‍ (റ) ആണ്ടുനേര്‍ച്ചയും നടന്നു. ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, ഇഖ്‌ലാസ് പാരായണം, മുഹര്‍റം പത്തിലെ പ്രത്യേക ദിക്‌റുകള്‍, പ്രാര്‍ഥനകള്‍, ചരിത്ര സന്ദേശ പ്രഭാഷണം, തഹ്ലീല്‍, തൗബ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

രാവിലെ എട്ടിന് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്്ജിദില്‍ ആരംഭിച്ച ആശൂറാഅ് സമ്മേളനം നോമ്പുതുറയോടെയാണ് സമാപിച്ചത്. പരിപാടിയില്‍ സംബന്ധിക്കുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കാല്‍ ലക്ഷം പേര്‍ക്ക് വിഭവ സമൃദ്ധമായ നോമ്പ്തുറയും ഒരുക്കി. മുഹര്‍റം ഒന്ന് മുതല്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടന്നുവരുന്ന വിവിധ പരിപാടികളുടെ സമാപന സംഗമം കൂടിയായിരുന്നു സമ്മേളനം. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, കെ ബി എസ് തങ്ങള്‍ നാദാപുരം, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് സൈനുല്‍ അബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി സംബന്ധിച്ചു.

Latest