Connect with us

Kerala

സാഹിത്യോത്സവ്: മലയാളത്തില്‍ നിന്നും പുറപ്പെട്ട് ബംഗ്ല കണ്ട സാംസ്‌കാരിക ദേശാടനം

കേരളത്തില്‍ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് സംസ്ഥാനത്തെ മികച്ച സാംസ്‌കാരിക കലാമേളയായി വളര്‍ന്നു കഴിഞ്ഞു.

Published

|

Last Updated

ദക്ഷിണ്‍ ധിനാജ്പൂര്‍ (വെസ്റ്റ് ബംഗാള്‍) | മലബാര്‍ ഗ്രാമങ്ങളില്‍ നിന്നും യാത്ര തുടങ്ങിയ സാഹിത്യോത്സവ് സാംസ്‌കാരികയാനം പല ഭാഷകളില്‍ പല പാട്ടുകളും പറച്ചിലുകളും കണ്ടും കൊണ്ടും പശ്ചിമ ബംഗാളിലെ താപ്പന്‍ ഗ്രാമത്തിന്റെ ഉത്സവമാകുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളും ജീവിതാനുഭവങ്ങളും കലകളും വൈജ്ഞാനിക സമ്പന്നതയും ദൃശ്യപ്പെടുത്തുന്ന രാജ്യത്തെ അപൂര്‍വ സാംസ്‌കാരിക സംഗമമാണ് ദേശീയ സാഹിത്യോത്സവ്.

കേരളത്തില്‍ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് സംസ്ഥാനത്തെ മികച്ച സാംസ്‌കാരിക കലാമേളയായി വളര്‍ന്നു കഴിഞ്ഞു. ഈ വേദികളുടെ സംസ്ഥാനാനന്തര യാത്രയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക തലം മുതല്‍ സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും നടക്കുന്ന സാഹിത്യോത്സവുകള്‍.

ഭാഷാ വൈവിധ്യങ്ങളില്‍ രൂപപ്പെട്ട സംസ്ഥാനങ്ങളില്‍ അതതു പ്രാദേശിക ഭാഷള്‍ സാഹിത്യോത്സവുകളുടെ ജൈവഭാഷയാകുമ്പോള്‍ ദേശീയ തലത്തിലെ വൈവിധ്യങ്ങളുടെ സംഗമം ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ പൊതുഭാഷകളില്‍ കേന്ദ്രീകരിക്കുന്നു. അതിജീവനത്തിനുള്ള രാഷ്ട്രീയ സമരങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഇന്ത്യന്‍ മുസ്ലിംകളുടെ സാംസ്‌കാരിക സമരവും സംഗമവുമാണ് സാഹിത്യോത്സവുകള്‍.

കേരളം മുതല്‍ കാശ്മീര്‍ വരെയുള്ള സര്‍ഗാത്മക വിദ്യാര്‍ഥിത്വങ്ങള്‍ ഇവിടെ സംഗമിക്കുന്നു. കലകളും വരകളും എഴുത്തും പ്രഭാഷണവും കൊണ്ട് അവര്‍ ധൈഷണിക വ്യാപാരങ്ങളില്‍ സമരം ചെയ്യുന്നു. ദേശീയ പാരമ്പര്യത്തെ വിളംബരം ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ഉദ്ഘോഷിക്കുന്നു.

കേരളീയ ഗ്രാമങ്ങളില്‍ നിന്നും ഉത്തരേന്ത്യയിലെ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലും കലാലയങ്ങളിലേക്കും വ്യാപിച്ച സാഹിത്യോത്സവ് നിര്‍വഹിക്കുന്ന സാംസ്‌കാരിക ധര്‍മം എസ് എസ് എഫിന്റെ അഭിമാനമാണ്. ഇന്ത്യക്കു പുറമേ ഗള്‍ഫ് അറബ് നാടുകളിലും ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ന് സാഹിത്യോത്സവിന് വ്യവസ്ഥാപിത അരങ്ങുകളുണ്ട്. സര്‍ഗാത്മകതയുടെ ഈ കലായാത്രക്ക് തുടക്കം കുറിച്ചവരും നാമകരണം നടത്തിയവരും മുന്നോട്ടു നയിച്ചവരുമായ പ്രവര്‍ത്തകര്‍ക്കെല്ലാം ചാരിതാര്‍ഥ്യമുണ്ടാക്കിയാണ് സാഹിത്യോത്സവുകള്‍ ദേശാടനം നടത്തുന്നത്.