Connect with us

Kasargod

18 വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട സഫിയക്ക് ഇനി പള്ളിക്കാട്ടിൽ അന്ത്യനിദ്ര

കുടക് സ്വദേശി സഫിയയുടെ മയ്യിത്താണ് ബന്ധുക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കിയത്. പുത്തിഗെ മുഹിമ്മാത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം.

Published

|

Last Updated

കുടക് | 2006ൽ ഗോവയിൽ വെച്ച് കൊല്ലപ്പെട്ട 13കാരിയുടെ മയ്യിത്ത് 18 വർഷങ്ങൾക്ക് ശേഷം ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കി. കുടക് അയ്യങ്കേരി സ്വദേശികളായ മൊയ്തുവിന്റെയും ആയിശുമ്മയുടെയും മകൾ സഫിയയുടെ തലയോട്ടിയാണ് ബന്ധുക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഇസ്‍ലാമിക വിധി പ്രകാരം ഖബറടക്കിയത്. പുത്തിഗെ മുഹിമ്മാത്തിൽ അന്ത്യ കർമ്മങ്ങൾക്ക് ശേഷം കൊടഗ് അയ്യങ്കേരി ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം. മുഹിമ്മാത്ത് ജുമാ മസ്ജിദിൽ നടന്ന മയ്യിത്ത് നിസ്കാരത്തിന് മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി നേതൃത്വം നൽകി. കേസിൽ തെളിവായി സൂക്ഷിച്ച തലയോട്ടി മാതാപിതാക്കൾക്കു വിട്ടുനൽകാൻ കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.

മകളെ മതാചാരപ്രകാരം ഖബറടക്കണമെന്ന ആഗ്രഹവുമായി കഴിഞ്ഞ മാസമാണു സഫിയയുടെ മാതാപിതാക്കൾ കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ സി ഷുക്കൂറിനെ സമീപിച്ചത്. തുടർന്നു തലയോട്ടി വിട്ടുകിട്ടാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ജഡ്ജി സാനു എസ് പണിക്കരാണ് തലയോട്ടി മാതാപിതാക്കൾക്കു നൽകാൻ വിധിച്ചത്. പിന്നീട് പിതാവ് മൊയ്‌തുവും, മാതാവ് ആയിഷുമ്മയും സഹോദരങ്ങളായ എസ് വൈ എസ് ഓഫീസിൽ ജോലി ചെയ്യുന്ന മുഹമ്മദ്‌ അൽത്താഫ്, മലപ്പുറം ഇഹ്‍യാഉസുന്ന വിദ്യാർത്ഥി മിസ്ഹബ്, അൽത്താഫിന്റെ ഭാര്യ തംസീറ, മിസ്ഹബ് എന്നിവരും ചേർന്ന് തലയോട്ടി ഏറ്റുവാങ്ങി. കാസർഗോഡ് ജില്ലാ എസ് വൈ എസ് സാന്ത്വനം സെക്രട്ടറി അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, മൂഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ, അജിത് കുമാർ ആസാദ്, നാരായൺ പെരിയ, അമ്പലത്തറ കുഞ്ഞി കൃഷ്ണൻ, സുബൈർ പടുപ്പ്, അബ്ദുൽ ഖാദിർ അഷ്‌റഫ്‌ എന്നിവരും കൂടെയുണ്ടായിരുന്നു.

സഫിയയുടെ മയ്യിത്ത് നിസ്കാരത്തിന് മുഹിമ്മാത്ത് വൈസ് പ്രിൻസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി നേതൃത്വ നൽകുന്നു

ഗോവയിൽ കരാറുകാരായ കാസർകോട് മുളിയാർ സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ കെ.സി.ഹംസയ്ക്കും ഭാര്യ മൈമൂനയ്ക്കുമൊപ്പം വീട്ടുജോലി ചെയ്യുമ്പോൾ 13–ാം വയസ്സിലാണു സഫിയ കൊല്ലപ്പെട്ടത്. 2006 ഡിസംബറിൽ ഇവർ കുട്ടിയെ ഗോവയിലെത്തിച്ചു കൊലപ്പെടുത്തുകയും സംഭവം പുറത്തറിയാതിരിക്കാൻ മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പാചകത്തിനിടെ കുട്ടിക്കു പൊള്ളലേറ്റപ്പോൾ ബാലപീഡനക്കേസ് ഭയന്നു കൊലപ്പെടുത്തി എന്നായിരുന്നു പ്രതികളുടെ കുറ്റസമ്മത മൊഴി. ഗോവയിൽ നിർമാണത്തിലിരുന്ന അണക്കെട്ടിനു സമീപത്തുനിന്ന് 2008 ജൂൺ 5നാണ് സഫിയയുടെ അസ്ഥികൂടം പുറത്തെടുത്തത്. കുറ്റപത്രത്തിനൊപ്പം തലയോട്ടിയടക്കമുള്ള ശരീരഭാഗങ്ങൾ ക്രൈംബ്രാഞ്ച് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

കേസിലെ ഒന്നാം പ്രതി കെ.സി.ഹംസയ്ക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു.

Latest