Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസില്‍ ഹാജരായേക്കും
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും.
കൊച്ചി| ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി)നോട്ടീസ് അയച്ച നടന്‍ ജയറാം ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരായേക്കും. കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കും. നേരത്തെ കേസില്‍ പ്രത്യേക അന്വേഷണ സംഘം നടന്‍ ജയറാമിന്റെ മൊഴിയെടുത്തിരുന്നു.
ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. ജയശ്രീയുടെ സ്വത്തുക്കള്‍ സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ജയശ്രീ നല്‍കിയ മൊഴി ദേവസ്വം ബോര്‍ഡിനെ കുരുക്കിലാക്കുന്നതായിരുന്നു. സ്വന്തം നിലയില്‍ താന്‍ തീരുമാനം എടുത്തിട്ടില്ലെന്നും ബോര്‍ഡ് തീരുമാനപ്രകാരം ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജയശ്രീക്ക് ഇ ഡിയ്ക്ക് മൊഴി നല്‍കിയത്.



