Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും

കട്ടിളപ്പാളി കേസിലാണ് 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്

Published

|

Last Updated

കൊല്ലം | ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യം തേടിയുള്ള ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജികൊല്ലം വിജിലന്‍സ് കോടതി ഇന്നു പരിഗണിച്ചേക്കും.

കട്ടിളപ്പാളി കേസിലാണ് 90 ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതോടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസില്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

കേസില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികളും ഇന്ന് പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവര് ദ്വാരപാലക കേസില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. ഇന്നലെ നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കണ്ഠര് രാജീവരെ ഇന്ന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും.

നാളെ കട്ടിളപ്പാളി കേസിലെ തന്ത്രിയുടെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നുണ്ട്. രണ്ട് കേസുകളിലെയും അപേക്ഷകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടും. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരായ മുരാരി ബാബുവും എസ് ശ്രീകുമാറും നേരത്തേ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.

---- facebook comment plugin here -----

Latest