Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ അംഗത്വം റദ്ദാക്കല്‍; എത്തിക്‌സ് കമ്മിറ്റി തീരുമാനം ഇന്ന്
ഡി കെ മുരളി എം എല്‍ എ നല്‍കിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത്
തിരുവനന്തപുരം | നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യത്തില്‍ നിയമസഭയുടെ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇന്നു തീരുമാനം കൈക്കൊള്ളും.
ഒന്നിലേറെ ബലാത്സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എം എല്‍ എയെ അയോഗ്യനാക്കണമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമാണ് ഇന്നുണ്ടാവുക. ഡി കെ മുരളി എം എല്‍ എ നല്‍കിയ പരാതിയാണ് കമ്മിറ്റി പരിഗണിക്കുന്നത.് ഡി കെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങള്‍ കേട്ട ശേഷമായിരിക്കും കമ്മിറ്റി തീരുമാനമെടുക്കുക. മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം ലഭിച്ചതിനാല്‍ ജയിലില്‍ നിന്നു പുറത്തെത്തിയ രാഹുല്‍ നിയമസഭയില്‍ എത്തിയിരുന്നില്ല. നടപടി ക്രമങ്ങള്‍ സങ്കീര്‍ണ്ണമായതിനാല്‍ ഈ സഭ സമ്മേളനം തീരും മുമ്പ് തീരുമാനം എടുക്കാന്‍ സാധ്യത കുറവാണ്.
നിരന്തരം പീഡന കേസില്‍ പ്രതിയായ എം എല്‍ എയെ അയോഗ്യനാക്കാനുള്ള വ്യവസ്ഥ നിയമസഭയുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച നടപടിക്രമങ്ങളില്‍ പറയുന്നുണ്ട്. രാഹുലിനെതിരായ പരാതി സ്പീക്കര്‍ പരിഗണിച്ച് പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് തീരുമാനം കൈക്കൊണ്ടാല്‍ സഭയ്ക്ക് അയോഗ്യനാക്കാം. ഈ സര്‍ക്കാറിന്റെ അവസാന സഭ സമ്മേളനത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ തീര്‍ക്കുകയാണ് വെല്ലുവിളി.
രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയെങ്കിലും എം എല്‍ എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നില്ല. പുറത്താക്കിയ ആളോട് രാജിവയക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. പുറത്താക്കിയെങ്കിലും രാഹുലിനെ പിന്തുണക്കുന്ന വലിയ വിഭാഗം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഈ സാഹചര്യത്തില്‍ രാഹുലിനെ അയോഗ്യനാക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് ആശങ്കയിലാണ്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നീക്കമുണ്ടായാല്‍ രാഷ്ട്രീയ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
അതേസമയം സമാന കേസുകളില്‍ നേരത്തെ അറസ്റ്റിലായ മറ്റ് എം എല്‍ എമാരുടെ കാര്യം അടക്കം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന് സി പി എം ആവശ്യപ്പെടുമ്പോഴും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.



