Kerala
ശബരിമല സ്വർണപ്പാളി വിവാദം: പറയാനുള്ളത് കോടതിയെ അറിയിച്ചെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി
കോടതി രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് അത് സമർപ്പിക്കുമെന്നും അദ്ദേഹം

തിരുവനന്തപുരം | ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. ഇത് കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും കോടതി രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് അത് സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾക്കുള്ള മറുപടി ഹൈക്കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതായുള്ള റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ “പ്രതികരിക്കാനില്ല” എന്നായിരുന്നു മറുപടി.
നേരത്തെ, ശബരിമലയിൽ ദ്വാരപാലക ശിൽപ്പപീഠം കാണാതായെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, ഇതിനുപിന്നാലെ പോറ്റിയുടെ വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിൽനിന്ന് തന്നെ ദേവസ്വം വിജിലൻസ് ഇത് കണ്ടെത്തുകയായിരുന്നു.