Connect with us

Kerala

ശബരിമലയിലെ സ്വർണ്ണക്കൊള്ള; ഒക്ടോബർ 9ന് കെ പി സി സി വിശ്വാസ സംഗമം സംഘടിപ്പിക്കും

എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

പത്തനംതിട്ട|സ്വർണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും. 2025 ഒക്ടോബർ 9-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരിക്കും വിശ്വാസ സംഗമം നടക്കുക. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റുമാർ, മുൻ കെ.പി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പി മാർ, എം.എൽ.എമാർ, മറ്റു നേതാക്കൾ എന്നിവർ പങ്കെടുക്കും.

ശബരിമല ക്ഷേത്രത്തിലെ മുൻ പുറപ്പെടാശാന്തിമാർ, അയ്യപ്പസേവാസംഘം ഭാരവാഹികൾ, തിരുവാഭരണഘോഷയാത്രാ സംഘാംഗങ്ങൾ, സാംസ്‌കാരിക നായകന്മാർ, സാഹിത്യകാരന്മാർ, വിവിധ സാമുദായിക, മത നേതാക്കൾ എന്നിവർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും. വിശ്വാസ സംഗമത്തിൽ പതിനായിരം പ്രവർത്തകരും വിശ്വാസികളും പങ്കെടുക്കും. വിശ്വാസ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ആൻ്റോ ആൻ്റണി എം.പി ചെയർമാൻ, അഡ്വ. പഴകുളം മധു വർക്കിംഗ് ചെയർമാൻ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ജനറൽ കൺവീനർ എന്നിവരടങ്ങുന്ന 101 അംഗ സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ശബരിമലയിൽ നടന്നത് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും അറിവോടെ നടന്ന ആസൂത്രിതമായ ഗൂഡാലോചനയും സ്വർണ്ണക്കൊള്ളയും വൻ തട്ടിപ്പുമാണ്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് മന്ത്രിയും, ബോർഡ് പ്രസിഡൻ്റും, അംഗങ്ങളും രാജിവെച്ച് അന്വേ ഷണം നേരിടണമെന്നും തട്ടിപ്പിൻ്റെ ആഴവും വ്യാപ്‌തിയും ഹൈക്കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ ദേവസ്വം വകുപ്പ് മന്ത്രിയും, ബോർഡും അധികാരത്തിൽ തുടരുന്നത് കേസിനെ സ്വാധീനിക്കുമെന്നും ഇവരുടെ അടിയന്തിര രാജി അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.

ലക്ഷക്കണക്കിന് ശബരിമല വിശ്വാസികൾ കാണിക്കയും സംഭാവനയുമായി അളവില്ലാതെ നൽകിയ പണവും സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളും കട്ടുമുടിച്ച പിണറായിയുടെ ഇടതുപക്ഷ സരക്കാർ അയ്യപ്പസംഗമത്തിൻ്റെ പേരിൽ നടത്തിയ കോടികളുടെ ധൂർത്തിനെക്കുറിച്ചും അന്വേഷണം നടത്താൻ തയ്യാറാകണമെന്നും സ്വാഗതസംഘം ഭാരവാഹികളായ ആൻ്റോ ആൻ്റണി എംപി, അഡ്വ. പഴകുളം മധു, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും, അഴിമതിക്കും, തട്ടിപ്പിനും, വിശ്വാസ വഞ്ചനയ്ക്കുമെതിരെ കൂടുതൽ ശക്തമായ സമരപരിപാടികൾ കോൺഗ്രസ് നേതൃത്വത്തിൽ സംഘടപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പങ്കെടുത്തു.

 

 

Latest