Kerala
ശബരിമല വിമാനത്താവളം: ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറും - മുഖ്യമന്ത്രി
പദ്ധതിയുടെ പ്രാഥമിക സാധ്യത പഠന റിപോര്‍ട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി

പത്തനംതിട്ട | ശബരിമല അന്താരാഷ്ട്ര വിമാനത്താവള പദ്ധതി സംബന്ധിച്ച നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി. പദ്ധതിയുടെ പ്രാഥമിക സാധ്യത പഠന റിപോര്‍ട്ട് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എഴുതി നല്‍കിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ വ്യക്്തമാക്കി. ഇതില്‍മേല്‍ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിന് മറുപടി നല്‍കിയിട്ടുണ്ട്. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണം ടെക്നോ എക്കണോമിക്സ് ഫീസിബിലിറ്റി റിപോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പുതുക്കിയ റിപോര്‍ട്ട് വൈകാതെ കേന്ദ്ര വ്യോമയാന മന്ത്രാലത്തിന് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്്തമാക്കുന്നു.
കോട്ടയം ജില്ലയിലെ ബിലിവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ 2263.18 ഏക്കര്‍ ഭുമിയിലാണ് വിമാനത്താവളം വിഭാവനം ചെയ്തിട്ടുള്ളത്. 3500 മീറ്റര്‍ നീളമുള്ള റണ്‍വേ സാധ്യമാകുന്ന തരത്തിലുള്ള മാസ്റ്റര്‍ പ്ലാനാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായ ശേഷം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനമുള്‍പ്പെടെ ബാക്കിയുള്ള നടപടികളുടെ വിശദമായ സമയരേഖയും കര്‍മ്മ പദ്ധതിയും തയ്യാറാക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ. ജയരാജ്, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, പ്രമോദ് നാരായണന്‍, ജോബ് മൈക്കിള്‍ എന്നിവരെ അറിയിച്ചു.