Kerala
ശബരിമല വിമാനത്താവളം; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്ണിന് വേണ്ടി വീണ്ടും മുറവിളി
ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി നിയമകുരുക്കില്‍പെട്ടതായതിനാല്‍ വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കൊടുമണ്‍ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാണാവശ്യം

പത്തനംതിട്ട | നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാവശ്യവുമായി ആക്ഷന്‍ കമ്മിറ്റി വീണ്ടും രംഗത്ത്. ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട ഭൂമി നിയമകുരുക്കില്‍പെട്ടതായതിനാല്‍ വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിലാകുന്നത് ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കൊടുമണ്‍ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്നാണാവശ്യം.
നിലവില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിയന്ത്രണത്തിലുമുള്ള കൊടുമണ്‍ എസ്റ്റേറ്റ് 1200 ഹെക്ടര്‍ ഭൂപ്രദേശമാണ്. അടൂര്‍ താലൂക്കിലെ കൊടുമണ്‍, അങ്ങാടിക്കല്‍, കലഞ്ഞൂര്‍, ഏനാദിമംഗലം, ഏഴംകുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടങ്ങളാണിത്. പത്തനംതിട്ട ജില്ലയ്ക്ക് പൂര്‍ണമായും കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് ഭാഗികമായും വിമാനത്താവളം ഉപയോഗപ്രദമാകും. ശബരിമല തീര്‍ഥാടന കാലത്ത് അയ്യപ്പഭക്തരെ പന്പയിലേക്ക് എത്തിക്കാനുള്ള ക്രമീകരണവും ചെയ്യാനാകും. പദ്ധതിയെ ഇരുകൈയും നീട്ടി പ്രവാസികള്‍ സ്വീകരിച്ചിരിക്കുകയാണെന്നും പദ്ധതിയില്‍ മുതല്‍മുടക്ക് അടക്കം നടത്താന്‍ തയാറാണെന്ന് അറിയിച്ചിട്ടുള്ളതായും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.