Connect with us

Health

പരിഹരിക്കാം പഠന വൈകല്യങ്ങൾ

മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഇവരുടെ കുറഞ്ഞ മാർക്കും പഠനത്തിലെ പിന്നാക്കാവസ്ഥയും മറ്റു ചില പ്രശ്‌നങ്ങളുടെ ബഹിർസ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താൽ കുട്ടികളുടെ പഠനപ്രശ്‌നങ്ങൾ പലതും പരിഹരിക്കാൻ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്‌നങ്ങൾ മൂന്നോ നാലോ ക്ലാസുകളിൽ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോൾ വിദ്യാഭ്യാസം തുടങ്ങുമ്പോൾത്തന്നെയും കണ്ടെന്നു വരാം.

Published

|

Last Updated

ഏകദേശം 10-12 ശതമാനം സ്‌കൂൾ വിദ്യാർഥികൾക്ക് പഠിത്തത്തിൽ പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പഠനത്തിൽ മോശമായ പ്രകടനം കാഴ്ചവെക്കുന്ന ഇവരെല്ലാം മണ്ടൻമാരല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ, എത്ര ശ്രമിച്ചാലും ഇവർക്ക് നല്ല മാർക്ക് കിട്ടില്ല. ഇവർ മടിയന്മാരെന്നും ശ്രദ്ധയില്ലാത്തവരെന്നും ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഇവരുടെ കുറഞ്ഞ മാർക്കും പഠനത്തിലെ പിന്നാക്കാവസ്ഥയും മറ്റു ചില പ്രശ്‌നങ്ങളുടെ ബഹിർസ്ഫുരണമാകാം. ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താൽ കുട്ടികളുടെ പഠനപ്രശ്‌നങ്ങൾ പലതും പരിഹരിക്കാൻ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്‌നങ്ങൾ മൂന്നോ നാലോ ക്ലാസുകളിൽ എത്തുമ്പോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോൾ വിദ്യാഭ്യാസം തുടങ്ങുമ്പോൾത്തന്നെയും കണ്ടെന്നു വരാം. ഇതിന് പല കാരണങ്ങളുണ്ട്.

ശാരീരിക പ്രശ്‌നങ്ങൾ

കാഴ്ചശക്തിയും കേൾവിയും ഭാഗികമായി കുറവുള്ള കുട്ടികൾക്കാണ് ഇങ്ങനെ പഠനത്തിൽ പിന്നാക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികൾക്ക് ഇത് തിരിച്ചറിയാൻ കഴിയാതെ ഈ വൈകല്യങ്ങളോടെ അവർ വളരും. ഇവർ മന്ദബുദ്ധികളായി, അല്ലെങ്കിൽ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ, ഇത്തരം വൈകല്യങ്ങൾ ആരംഭത്തിൽ തന്നെ കണ്ടെത്തിയാൽ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാൻ കഴിയും.

ബുദ്ധിമാന്ദ്യം

ഇത് പല കുട്ടികളിലും നേരത്തെ കണ്ടെത്താറുണ്ട്. ഇവർ ഇരിക്കാനും നിൽക്കാനും നടന്നു തുടങ്ങാനുമെല്ലാം വൈകുന്നു. ശരാശരിയിൽ താഴെ മസ്തിഷ്‌ക വളർച്ചയുള്ള ഈ കുട്ടികൾക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാൻ കഴിയായ്ക പ്രധാന ലക്ഷണമായ ADHD (Attention Deficit Hyperactivity Disorder) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്‌നമായിരിക്കും. ഈ കുട്ടികൾക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകൾക്കപ്പുറം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. ഒരു മിനുട്ട് പോലും അടങ്ങിയിരിക്കാനുമാകില്ല. പഠനത്തിൽ പിറകിലാകുമെന്നു മാത്രമല്ല, ക്ലാസിൽ ഇയാൾ ഒരു ശല്യക്കാരനുമാകും. ഇവർക്ക് സാധാരണയോ അതിൽ കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.

വൈകാരിക പ്രശ്‌നങ്ങളും മനോരോഗങ്ങളും

ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകർ, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (Separation Anxiety), സ്‌കൂളിൽ പോകാൻ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങൾ, വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠാരോഗങ്ങൾ ഇവയൊക്കെ പഠനം മോശമാകാൻ കാരണമായേക്കാം.

പഠനവൈകല്യം
( Learning Disability )

പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങൾക്ക് പൊതുവേ പറയുന്ന പേരാണ്. വിവിധ കഴിവുകൾ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവർക്ക് കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ്‌ലെക്‌സിയ (Dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (Dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്‌കാൽക്കുലിയ (Dyscalculia) എന്നും പറയും.
ഡിസ്്ലെക്‌സിയ എന്ന ഗ്രീക്ക് പദത്തിന്റെ അർഥം “വാക്കുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട്’ എന്നാണ്. വൈദ്യൂത ബൾബ്, ഗ്രാമഫോൺ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസൺ, ആപേക്ഷിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആൽബർട്ട് ഐൻസ്റ്റീൻ, ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചി, നൊബേൽ സമ്മാന ജേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിൻസ്റ്റൺ ചർച്ചിൽ എന്നിവർക്കെല്ലാം പഠനവൈകല്യമുണ്ടായിരുന്നു. ഇത്തരം വൈകല്യം ബാധിച്ച കുട്ടികൾക്ക് സാവധാനമേ പഠിക്കാനാകൂ. പക്ഷേ, അവർക്ക് ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും. പലപ്പോഴും മാതാപിതാക്കളുടെ പരാതി കുട്ടിക്ക് സ്‌പെല്ലിംഗ് വഴങ്ങുന്നില്ല, സ്‌പെല്ലിംഗ് മനഃപാഠം പഠിക്കുകയും ആവർത്തിച്ച് എഴുതി പഠിക്കുകയും ചെയ്തിട്ടും തെറ്റുകൾ വരുത്തുന്നു എന്നൊക്കെയാണ്. ഇത്തരം കുട്ടികൾ എപ്പോഴും ആശയക്കുഴപ്പത്തിലാകും. കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശയിലായിരിക്കും ഇവർ.

പലപ്പോഴും ഇത്തരം വൈകല്യങ്ങൾ ആദ്യം കണ്ടുപിടിക്കുക അധ്യാപകരാണ്. ഒരു ക്ലാസിലെ പല കുട്ടികളെ പഠനത്തിലെ കഴിവുകൾ താരതമ്യം ചെയ്യാൻ അവർക്ക് അവസരം ലഭിക്കുന്നതുകൊണ്ടാണ് ഇത് സാധിക്കുന്നത്. ഒന്നും രണ്ടും ക്ലാസുകളിൽ വായിക്കുക, എഴുതുക, സ്‌പെല്ലിംഗ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകൾ ശീലിക്കാൻ പൊതുവെ സാധാരണ കുട്ടികൾക്കും പ്രയാസമുണ്ടാകും. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞാൽ കുട്ടികൾ ഇതിൽ വൈദഗ്ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവിൽ വൈദഗ്ധ്യം പോരെങ്കിൽ അവന് പഠനവൈകല്യം ഉണ്ടെന്നു കരുതാം. കുട്ടിയുടെ സാധാരണ ബുദ്ധിശക്തിയും ക്ലാസിലെ മോശമായ പ്രകടനവും കണ്ടാൽ പ്രശ്‌നം വൈകല്യമാണെന്നു കരുതാം. മൂർത്തമായ ചിന്തകളും ആശയങ്ങളും ഇവർക്ക് പാകപ്പെടുത്തിയെടുക്കാൻ സാധിക്കില്ല. തന്മൂലം ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കാണാനും അവർക്ക് കഴിയില്ല. ഏഴ് വയസ്സ് മുതൽക്കാണ് ഇത്തരം വൈകല്യങ്ങൾ കുട്ടികളിൽ പ്രകടമായി കാണാറുള്ളത്. അതുകൊണ്ട് ഇവർ പലപ്പോഴും അഞ്ച്, ആറ് ക്ലാസുകൾക്കുശേഷം പഠനത്തിൽ മോശമാകാൻ തുടങ്ങുന്നു. അധ്യാപകരും രക്ഷാകർത്താക്കളും ഇവരെ “ഉഴപ്പന്മാ’രെന്നാകും വിളിക്കുക. ചെറിയ ക്ലാസുകളിൽ നല്ല മാർക്ക് വാങ്ങിയിരുന്ന കുട്ടി ഇപ്പോൾ പിന്നിലാകുന്നെങ്കിൽ കാരണം മറ്റെന്താണ് എന്നാണ് അവരുടെ ചോദ്യം. കൃത്യസമയത്ത് സഹായം ലഭിച്ചില്ലെങ്കിൽ വളരുംതോറും ഈ പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാകും. ദിവസേനയുള്ള എഴുത്തുജോലികളിൽ ആവർത്തിക്കുന്ന തെറ്റുകൾ കാരണം ഇത്തരം കുട്ടികളുടെ ആത്മവിശ്വാസവും തന്നോടുതന്നെയുള്ള ബഹുമാനവും നഷ്ടപ്പെടും. തന്റെ കഠിനാധ്വാനത്തിന് പ്രയോജനം കിട്ടുന്നില്ലെന്ന നിരാശ മൂലം പലവിധ മാനസികരോഗങ്ങളും ഇവർക്കുണ്ടാകും.
( അടുത്ത ലക്കം – വൈകല്യം വായനയിൽ – Dyslexia)