Connect with us

RAHULGANDHI

രാഹുല്‍ ഗാന്ധി യോഗ്യൻ; അപകീർത്തിക്കേസിൽ ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

അയോഗ്യത നീങ്ങും; എം പി സ്ഥാനം തിരികെ കിട്ടും

Published

|

Last Updated

ന്യൂഡല്‍ഹി | ക്രിമിനല്‍ മാനനഷ്ട കേസില്‍ സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപേക്ഷയില്‍ അദ്ദേഹത്തിന് ആശ്വാസ വിധി. രണ്ടുവര്‍ഷത്തെ പരമാവധി ശിക്ഷക്കു സുപ്രിം കോടതി സ്റ്റേ അനുവദിച്ചു.
പരമാവധി ശിക്ഷ എന്തിനെന്നു വിചാരണക്കോടതി പറഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇതോടെ ശിക്ഷാ വിധിയെ തുടർന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് നഷ്ടമായ വയനാട് എംപി സ്ഥാനം രാഹുലിനു തിരിച്ചുകിട്ടും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും രാഹുലിന് ഒഴിവായി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 498, 499 വകുപ്പുകൾ പ്രകാരം പരമാവധി രണ്ടു വർഷം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനെതിരെ ചുമത്തപ്പെട്ടതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പരമാവധി ശിക്ഷ വിധിച്ചതിനാൽ, ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരികയും അദ്ദേഹത്തെ അയോഗ്യനാക്കുകയും ചെയ്തു. ശിക്ഷ ഒരു ദിവസം കുറവായിരുന്നെങ്കിൽ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നും ബെഞ്ച് പറഞ്ഞു. ഉത്തരവിന്റെ അനന്തരഫലങ്ങൾ വിശാലമാണെന്നും പൊതുജീവിതത്തിൽ തുടരാനുള്ള ഹർജിക്കാരുടെ അവകാശത്തെ മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വോട്ടർമാരുടെ അവകാശത്തെയും ബാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, രാഹുൽ പ്രസംഗത്തിൽ പറഞ്ഞതെല്ലാം നല്ലതല്ല എന്നതിൽ സംശയമില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊതുവേദികളിൽ സംസാരിക്കുമ്പോൾ നേതാക്കൾ ശ്രദ്ധിക്കണം. അത് ശ്രദ്ധിക്കേണ്ടത് രാഹുൽ ഗാന്ധിയുടെ കടമയാണെന്നും കോടതി പറഞ്ഞു.

നേരത്തെ സുപ്രീം കോടതിയിൽ വാദപ്രതിവാദം 3 മണിക്കൂർ നീണ്ടു. ജസ്റ്റിസുമാരായ ബിആർ ഗവായ്, പിഎസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. രാഹുലിന് വേണ്ടി അഭിഷേക് മനു സിംഗ്വിയും പൂർണേഷ് മോദിക്ക് വേണ്ടി മഹേഷ് ജഠ്മലാനിയും വാദങ്ങൾ ഉന്നയിച്ചു.

എട്ടുവര്‍ഷത്തേക്ക് ഒരാളെ നിശ്ശബ്ദമാക്കുകയാണു ലക്ഷ്യം. രാഹുലിനെതിരെ തെളിവില്ലെന്നും പത്ര കട്ടിങ്ങുകള്‍ മാത്രമാണു തെളിവായി ഹാജരാക്കിയതെന്നും രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് നിങ്വി ചൂണ്ടിക്കാട്ടി. വയനാട്ടിലെ ജനങ്ങള്‍ക്കു തങ്ങളെ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കാനുള്ള പൗരാവകാശം നിഷേധിക്കപ്പെട്ടതായും അദ്ദേഹം വാദിച്ചു. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല. കൊലക്കേസോ ബലാല്‍സംഗ കേസോ പോലെയുള്ള ഗുരുതരമായ കുറ്റകൃത്യമല്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.

15 മിനിട്ടാണ് കോടതി ഇരുവിഭാഗത്തിനും അനുവദിച്ചത്.പരാതിക്കാരന്‍ പൂര്‍ണേഷ് മോദിയുടെ ആദ്യ പേരില്‍ മോദി എന്നില്ലായിരുന്നുവെന്ന് രാഹുല്‍ വാദിച്ചു. ബോധപൂര്‍വമായി മോദി സമുദായത്തെ ആക്ഷേപിക്കാന്‍ രാഹുല്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സാക്ഷികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മനു അഭിഷേക് സിങ്‌വി വാദിച്ചു. വിധിക്കു സ്റ്റേ നല്‍കണമെങ്കില്‍ അസാധാരണ സാഹചര്യം വേണമെന്ന് കോടതി വ്യക്തമാക്കി. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച് സുപ്രിംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്ക് ധാര്‍ഷ്ട്യമെന്ന് കാട്ടി പരാതിക്കാരനായ പൂര്‍ണേഷ് മോദി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്നാല്‍ കേസില്‍ താന്‍ മാപ്പു പറയില്ലെന്നും ഹരജിക്കാരന്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ എത്തിയത്. രാഹുല്‍ ഗാന്ധി നിരന്തരം വ്യക്തിഹത്യ നടത്തുന്ന നേതാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഹരജി തള്ളിയത്.

കള്ളന്‍മാരുടെ പേരില്‍ മോദിയെന്ന് വന്നതെങ്ങനെ എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമര്‍ശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവ് പുര്‍ണേഷ് മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. പിന്നാലെ രാഹുലിനെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി.

 

 

Latest