Story
തിരിച്ചറിവ്
വരാനിരിക്കുന്നത് ജോലിയിൽ നിന്നും പിരിയാനുള്ള വർഷമായതിനാൽ സന്തോഷത്തോടെ വരവേൽക്കാൻ മനസ്സ് അനുവദിച്ചില്ല.വിരമിച്ചു കഴിഞ്ഞാൽ പിന്നെയെങ്ങനെയെന്ന ചിന്ത മനസ്സിനെ അലട്ടാൻ തുടങ്ങി. ജോലിയിൽ ശ്രദ്ധിക്കാനോ പുഞ്ചിരിക്കുന്നവർക്ക് ഒരു മറുചിരി സമ്മാനിക്കാനോ കഴിയാതെയായി.

പതിവുപോലെ എഴുന്നേറ്റ് കണ്ണാടിയുടെ മുമ്പിലേക്ക് നടന്ന് മുഖം ഇരുവശത്തേക്കും തിരിച്ച് സൂക്ഷിച്ചു നോക്കി. ഇല്ല മാറ്റമൊന്നുമില്ല തുടുത്ത കവിൾത്തടം, തെളിമയാർന്ന കണ്ണുകൾ, വിശാലമായ നെറ്റിത്തടം, കട്ടികൂടിയ മീശ. ഓഫീസിൽ ഇരിക്കുമ്പോൾ വെറുതെ സെൽഫോണിൽ ഫോട്ടോ എടുത്തു നോക്കും. വീട്ടിലെത്തിയാൽ ഇടവിട്ട് കണ്ണാടിയിൽ നോക്കി സ്വയം പറയും ” ഇല്ല മാറ്റമൊന്നുമില്ല’. ഈ ശീലം കൂടിവന്നപ്പോൾ എത്ര നോക്കിയിട്ട് എന്താ ആ മുഖം തന്നെയല്ലേ എന്ന് പറഞ്ഞു ഭാര്യയും മകളും കളിയാക്കൽ പതിവായി. ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കെ ഒരു പുതുവർഷത്തിന്റെ പിറവിയാണ് എല്ലാം കുഴപ്പത്തിലാക്കിയത്.
വരാനിരിക്കുന്നത് ജോലിയിൽ നിന്നും പിരിയാനുള്ള വർഷമായതിനാൽ സന്തോഷത്തോടെ വരവേൽക്കാൻ മനസ്സ് അനുവദിച്ചില്ല.വിരമിച്ചു കഴിഞ്ഞാൽ പിന്നെയെങ്ങനെയെന്ന ചിന്ത മനസ്സിനെ അലട്ടാൻ തുടങ്ങി. ജോലിയിൽ ശ്രദ്ധിക്കാനോ പുഞ്ചിരിക്കുന്നവർക്ക് ഒരു മറുചിരി സമ്മാനിക്കാനോ കഴിയാതെയായി. അടക്കവും ഒതുക്കവും ഇല്ലാത്ത നര ബാധിച്ച തലമുടികൾ കണ്ണാടിയിൽ നോക്കാനുള്ള മോഹത്തെ നിരുത്സാഹപ്പെടുത്തി. കഷണ്ടിയുള്ളവരോട് തോന്നിയിരുന്ന ഒരു തരം നീരസം അസൂയ ആയിട്ട് മാറി. ചെടിച്ചട്ടിയിലെ വാടിയുണങ്ങിയ പൂക്കൾക്കും ഓഫീസിലെ അലമാരയിലെ പഴകിയ പുസ്തകങ്ങൾക്കും ഒരു മൂലയിൽ അടുക്കിവെച്ച ഉപയോഗിക്കാത്ത കസേരകൾക്കും എന്തോ പറയുവാനുള്ളത് പോലെ തോന്നി.
അങ്ങനെയിരിക്കെയാണ് വീടിനടുത്തുള്ള സ്കൂളിലെ ഹെഡ്മാസ്റ്ററുടെ വിരമിക്കൽ ചടങ്ങിനുള്ള ക്ഷണം കിട്ടിയത്. മനസ്സില്ലാമനസ്സോടെയാണ് പോയതെങ്കിലും മുഖ്യപ്രഭാഷണം നല്ലൊരു അറിവും പുത്തൻ ഉണർവുമാണ് പകർന്നു തന്നത്. ജോലിയിൽ നിന്ന് പിരിയൽ യഥാർഥത്തിൽ വിരമിക്കൽ അല്ല ആരംഭിക്കൽ ആണെന്നുള്ള ആ പ്രസംഗത്തിലെ വിലപ്പെട്ട ആശയം വേണ്ടാത്ത ചിന്തകളെ പിടിച്ചു കെട്ടാൻ ഏറെ സഹായകമായി. പ്രഭാഷണത്തിൽ ആവർത്തിച്ചു പറഞ്ഞ യാത്രകളും പുസ്തക വായനയും കൃഷി പരിപാലനവും ഏറെ പ്രത്യാശയാണ് മനസ്സിനേകിയത്.
ചടങ്ങുകളും ലഘു ഭക്ഷണവും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ സന്തോഷത്താലും സംതൃപ്തിയാലും മനസ്സ് നിറയുകയായിരുന്നു. ഓടിയും നടന്നും വീട്ടിലേക്കുള്ള യാത്രയിൽ വിരമിക്കൽ അല്ല ആരംഭിക്കൽ ആണെന്ന് ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. വീട്ടിലെത്തി ചുമരിലെ കലണ്ടർ എടുത്തു താളുകൾ മറിച്ചു വട്ടമിട്ട് വിരമിക്കൽ എന്നെഴുതിയ അക്കം പരതാൻ തുടങ്ങി. അത് കണ്ടെത്തി അത്യുത്സാഹത്തോടെ അവിടെ തിരുത്തി എഴുതി….. ആരംഭിക്കൽ.